സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിന്റെ അന്വേഷണത്തിൽ തുടക്കത്തിൽ വീഴ്ച വന്നുവെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. രണ്ട് ഡിവൈഎസ് പിമാരടക്കമുള്ളവർ വീഴ്ച വരുത്തിയതായാണ് റിപ്പോർട്ട്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധവിയടക്കമുള്ളവർക്ക് ഇപ്പോഴത്തെ അന്വേഷണസംഘം റിപ്പോർട്ട് നൽകി.
ആശ്രമം കത്തിക്കൽ കേസിൽ അട്ടിമറി നടത്തിയ മുൻ അന്വേഷണ ഉദ്യഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകി.രണ്ട് ഡിവൈഎസ്പിമാർ,വിളപ്പിൽ ശാല,പൂജപ്പുര പൊലിസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും നടപടി എടുക്കണം. തെളിവുകൾ കൃത്യമായി ശേഖരിക്കാതെ വീഴ്ച വരുത്തി. ശേഖരിച്ച തെളിവുകൾ കാണാതായെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ രേഖകൾ വീണ്ടെടുത്തതാണ് പ്രതികളെ കണ്ടെത്തുന്നതിൽ കാലതാമസമുണ്ടാക്കിയത്. ഒന്നാം പ്രതി പ്രകാശിന്റെ മരണത്തിലെ ദുരൂഹത വിളപ്പിൽശാല പൊലിസ് ലാഘവത്തോടെയാണ് അന്വേഷിച്ചത്. ചില പ്രാദേശിക നേതാക്കളുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചത് കേസ് ഡയറിയുടെ ഭാഗമാക്കാതെയിരുന്നതും വീഴ്ചയാണ്.
ശബരിമല സ്ത്രീ പ്രവേശന സമയത്ത് 2018 ലാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് മുന്നിലുള്ള വാഹനവും മറ്റും കത്തിച്ച നിലയിൽ കണ്ടത്.കേസിൽ പ്രതിയായിരുന്ന കുണ്ടമൺകടവ് സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന പ്രകാശ് കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.