സംഘപരിവാര്‍ ആട്ടിന്‍തോലിട്ട ചെന്നായകളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഘപരിവാര്‍ തെക്കേ ഇന്ത്യയില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയും വടക്കേ ഇന്ത്യയില്‍ ആക്രമിക്കുകയും ചെയ്യുന്നുവെന്നാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
ജബല്‍പൂരില്‍ മലയാളി വൈദികര്‍ക്കുനേരെ സംഘ് പരിവാര്‍ സംഘടനകള്‍ നടത്തിയ അതിക്രമം അങ്ങേയറ്റം അപലപനീയം. ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കു നേരെ സംഘ് പരിവാര്‍ ഉത്തരേന്ത്യയില്‍ സംഘടിതമായ ആക്രമണമാണ് അഴിച്ചു വിടുന്നത്. പോലീസിന്റെ മുന്നിലിട്ടാണ് ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ വിളിച്ച സംഘം ക്രൂരമായ ആക്രമണം അഴിച്ചു വിട്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പൊലീസ് ഇതിനെതിരെ നടപടിയെടുക്കുന്നില്ല. ജബല്‍പൂരില്‍ നിന്നു പള്ളികളിലേക്കു ബസില്‍ പോരുകയായിരുന്ന ക്രൈസ്തവ സഹോദരങ്ങളെ വിശ്വഹിന്ദു പരിഷത് സംഘടനക്കാര്‍ തടഞ്ഞു പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ വിവരമറിഞ്ഞ് അവരെ സഹായിക്കാനെത്തിയ സീനിയര്‍ മലയാളി വൈദികരായ ഫാദര്‍ ഡോവിസ് ജോര്‍ജിനെയും ഫാദര്‍ ജോര്‍ജിനെയുമാണ് സംഘപരിവാറുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഫേസ്ബുക്കിലൂടെ ചെന്നിത്തല ആരോപിച്ചു.