വാരാന്ത്യലോക്ക്ഡൗണില്‍ കേരള പൊലീസിന്റെ പരിശോധനക്കിടെ തനിക്കും കുടുംബത്തിനും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി അഫ്‌സല്‍. ‘കുറിയിട്ടവര്‍ പോകുന്നല്ലോ, പര്‍ദ ഇട്ടതാണോ നിങ്ങളുടെ പ്രശ്‌നം’ എന്നു തന്റെ ഉമ്മച്ചി പൊലീസുകാരനോട് പറഞ്ഞിട്ടില്ലെന്നും വരുന്ന വാഹനങ്ങളെയെല്ലാം കടത്തി വിടുകയും എന്നാല്‍ എല്ലാ ഡോക്യൂമെന്റസും കയ്യില്‍ ഉണ്ടായിട്ടും തങ്ങളെ കടത്തിവിടാത്തത് ചോദ്യം ചെയ്തതേ ഉള്ളുവെന്നും അഫ്‌സല്‍ പറയുന്നു.
അഫ്സലിന്‍റെ വിശദീകരണ കുറിപ്പ്..
7 മണിക്ക് വീട്ടില്‍ നിന്നിറങ്ങി എട്ടര തൊട്ട് 10 മണി വരെ 5 വയസുള്ള അനിയന്‍ ഉള്‍പ്പെടെ ഒന്നരമണിക്കൂര്‍ നേരം ഓച്ചിറയിലെ പൊരി വെയിലത്ത് ചെയ്ത തെറ്റെന്ത് എന്നറിയാതെ നില്‍ക്കേണ്ടി വന്നതിന്റെ ദുരവസ്ഥ പങ്കു വെച്ച പോസ്റ്റില്‍ വീട്ടില്‍ ഇരിക്കുന്നവരെ ഉള്‍പ്പെടെ തെറി വിളിക്കുകയും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് പല ചര്‍ച്ചകളിലുമായി ഞാന്‍ ഇട്ട എന്റെതും അല്ലാത്തതുമായ കമന്റുകള്‍ അടര്‍ത്തി എടുത്തും എഡിറ്റ് ചെയ്തും ഞാനും കുടുംബവും അനുഭവിച്ച ഭീതിതമായ ട്രോമയെ റദ്ദ് ചെയ്യുകയും ചെയ്യുന്ന സംഘി ഏതാണ് സഖാവ് ഏതാണ് എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഒഴികെയുള്ള ‘മനുഷ്യരോട്’ എന്റെയും കുടുംബത്തിന്റെയും വിശദീകരണം നല്‍കാന്‍ ആഗ്രഹിക്കുന്നു.
1) ആദ്യം തന്നെ പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം എന്ന നിലയില്‍ കണ്ട വാര്‍ത്തയോടുള്ള മറുപടിയാണ്.
‘കുറിയിട്ടവര്‍ പോകുന്നല്ലോ, പര്‍ദ ഇട്ടതാണോ നിങ്ങളുടെ പ്രശ്‌നം’ എന്നു എന്റെ ഉമ്മച്ചി അദ്ദേഹത്തോട് പറഞ്ഞിട്ടേ ഇല്ല. വരുന്ന വാഹനങ്ങളെയെല്ലാം കടത്തി വിടുകയും എന്നാല്‍ എല്ലാ ഡോക്യൂമെന്റസും കയ്യില്‍ ഉണ്ടായിട്ടും ഞങ്ങളെ മാത്രം കടത്തി വിടാതെ, തിരികെ പോകാന്‍ ആണ് അദ്ദേഹം ആവശ്യപ്പെട്ടത്. കടത്തിവിടാന്‍ വേണ്ടി അപേക്ഷിച്ചിട്ടും അദ്ദേഹം സമ്മതിച്ചില്ല.
2) MSM കോളേജ് അടച്ചു എന്ന് ഞാന്‍ പറഞ്ഞത് നുണയാണ് എന്ന പ്രചാരണത്തിനുള്ള മറുപടി :
കോളേജില്‍ ഇലക്ഷന്‍ 25ആം തീയതിയാണ്. എന്നാല്‍ അനിയത്തി പഠിക്കുന്ന ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്റ് അടച്ചിരിക്കുകയാണ്. പരീക്ഷ കഴിഞ്ഞ് അടുത്ത മാസം 2ആം തീയതി മാത്രമേ ഇനി ക്ലാസ് ഉണ്ടാവൂ. അത് ആര്‍ക്കും അന്വേഷിക്കാം.
3) ഞങ്ങളുടെ വാഹനം മാത്രം തടഞ്ഞു എന്നു നുണ പറഞ്ഞു. വിഡിയോയില്‍ മറ്റ് വാഹനങ്ങളും തടയുന്നുണ്ടല്ലോ..
നുണ പറഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് ശേഷം വന്നതോ മുന്‍പേ വന്നതോ ആയ ഒരു വാഹനവും തടഞ്ഞു വെക്കുകയോ മടക്കി അയക്കുകയോ ചെയ്തിട്ടില്ല. പരിശോധിച്ച ശേഷം എല്ലാവരെയും കടത്തി വിട്ടു. ഞങ്ങള്‍ യാത്ര ചെയ്ത വാഹനം മാത്രമാണ് തടഞ്ഞു വെയ്ക്കുകയും തിരികെ പോകണം എന്ന് ആവശ്യപ്പെടുകയും ചെയ്തത്. ഓച്ചിറയില്‍ നിന്ന് കേവലം 4 കിലോമീറ്റര്‍ ദൂരം മാത്രം ഹോസ്റ്റലിലേക്ക് ഉള്ളു എന്ന് അപേക്ഷിച്ചിട്ടും, ഞങ്ങളെ കടത്തി വിടാത്ത കാരണം പറയാനോ പോകാനോ സമ്മതിച്ചില്ല. ഒന്നരമണിക്കൂര്‍ റോഡില്‍ നിര്‍ത്തി.
4) മതത്തിന്റെ പേരില്‍ ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിച്ചു.
ഒരു മണിക്കൂറോളം ആ വെയിലത്ത് പോലീസിന്റെ സമ്മതത്തിനായി കാത്ത് നിന്നപ്പോള്‍ അതിലൂടെ പോകുന്ന മറ്റു വാഹനങ്ങളെയൊന്നും തടഞ്ഞു വെച്ചില്ല.
70 കിലോമീറ്ററും പിന്നിട്ട് എല്ലാ ചെക്ക് പോസ്റ്റും ഒരു പ്രശ്‌നവുമില്ലാതെ കടന്നു വന്നിട്ടും ഒച്ചിറയില്‍ മാത്രം ഞങ്ങളെ പോകാന്‍ സമ്മതിക്കാതെ തടഞ്ഞു വെച്ചപ്പോള്‍ ആ നീതിക്കേടില്‍ ആരായാലും ചോദിച്ചു പോകുന്ന ചോദ്യമേ ഉമ്മച്ചി ചോദിച്ചിട്ടുള്ളൂ. ‘ഞങ്ങളോടു മാത്രമുള്ള വിവേചനത്തിന്റെ കാരണം എന്താണ് സര്‍, ഞങ്ങളുടെ വസ്ത്രം ആണോ’ എന്ന്. അപ്പോള്‍ അദ്ദേഹം പലവട്ടം പറഞ്ഞ മറുപടി ‘വസ്ത്രം തന്നെയാണ് പ്രശ്‌നം’ എന്നാണ്. അന്നേരമാണ് ഞാന്‍ നമ്പര്‍ സംഘടിപ്പിച്ച് അവസാന പ്രതീക്ഷ എന്ന നിലയില്‍ സഹായത്തിനായി എംപിമാരെ വിളിക്കുന്നത്.
5) കുടുംബ സമേതം ടൂര്‍ പോയി..
ലോക്ക് ഡൗണ് ഉള്ള ദിവസം അതിരാവിലെ 5 വയസുള്ള അനിയനെയും കൂട്ടി ടൂര്‍ പോവുകയാണ് എന്നുള്ള വികൃതമായ വാദങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ല. അനിയത്തിയുടെ ക്ലാസ് അവസാനിച്ചതാനിലാണ് അവളെ വീട്ടില്‍ കൊണ്ടു വരാന്‍ അതിരാവിലെ തന്നെ പുറപ്പെട്ടത്. ഹോസ്റ്റലില്‍ ആണുങ്ങളെ കയറ്റാത്തതിനാല്‍ ആണ് ഉമ്മച്ചി ഒപ്പം വന്നത്. വീട്ടില്‍ മറ്റാരും ഇല്ലാത്തത് കൊണ്ട് അനിയനെയും കൂട്ടി.
6. സത്യവാങ്മൂലം എഴുതിയ ദിവസം ഇന്നലെയാണ് എന്ന ആരോപണം.
23/01/2022 എന്ന ഡേറ്റ് വ്യക്തമായി കാണാന്‍ ആവും. sunday ക്ക് പകരം എഴുതിയത് saturday എന്നായിപോയത് തൂക്കി കൊല്ലാന്‍ ആവുന്ന കുറ്റം ആണോ.?
7. ബഹു എംപി എന്‍.കെ പ്രേമചന്ദ്രന്‍, കെ സുധാകരന്‍, ശ്രീമതി ബിന്ദുകൃഷ്ണ എന്നിവരെ വിളിച്ചു സംസാരിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് എനിക്ക് അനിയത്തിയെയും കൂട്ടി തിരികെ പോകാന്‍ കഴിഞ്ഞത്.
അനീതിയും വിവേചനവും അനുഭവിക്കുമ്പോള്‍ മാത്രം ബോധ്യപ്പെടുന്ന ഒന്നാണ് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഡോക്യുമെന്റ് വെരിഫൈ ചെയ്തു വാഹനങ്ങള്‍ കടത്തി വിടുന്നത് നോക്കി നില്‍ക്കുന്ന ഉമ്മച്ചിയുടെയും അനിയന്റെയും ഫോട്ടോ ഞാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞാനും എന്റെ കുടുംബവും അനുഭവിച്ച അപമാനവും വിവേചനവും വര്‍ണ്ണനാതീതമാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ നുണ പ്രചരിപ്പിച്ചത് കൊണ്ട് എനിക്കോ എന്റെ കുടുംബത്തിനോ എന്ത് നേട്ടമാണ് ഉണ്ടാവുക. ഇതുവരെ പറഞ്ഞതിനൊക്കെയും തന്നെ ഏത് നുണ പരിശോധനയ്ക്കും ഞാനും കുടുംബവും തയാറാണ് എന്നും അറിയിക്കട്ടെ..
ആത്മാര്‍ഥമായ പിന്തുണ നല്കിയവരോട് കടപ്പാട്. കുടുംബവുമായി ആലോചിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കുന്നതാണ്.