സഞ്ജിത്തിന്റെ കൊലപാതകം; മൂന്ന് പേർ പൊലീസിന്റെ പിടിയിൽ

പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. സുബൈർ, സലാം, ഇസഹാക്ക് എന്നിവരാണ് പിടിയിലായത്. നെന്മാറ സ്വദേശികളാണ് സലാമും ഇസഹാക്കും. പാലക്കാട് സ്വദേശിയാണ് സുബൈർ. മുണ്ടക്കയത്ത് ബേക്കറി തൊഴിലാളിയാണ് സുബൈർ. സുബൈറിന്റെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. നിരവധി എസ്.ഡി.പി.ഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിടികൂടിയിരിക്കുന്നത്.

അതിനിടെ സഞ്ജിത്തിന്റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്ന് കേന്ദ്ര സർക്കാരിനെ സമീപിക്കും.

അതേസമയം സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പൊലീസ് ഉത്തരം പറയണമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. കൊലപാതക വിവരം അറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്യാതിരുന്നത് അവര്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കി. കൊലപാതക വിവരം അറിഞ്ഞപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഇതിന് ഉത്തരം പറയണമെന്ന് എം.പി പറഞ്ഞു. ഞായറാഴ്ച എലപ്പുള്ളിയിലുള്ള സഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.പി.