ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലപാതക കേസിലെ മുഖ്യ സൂത്രധാരന്‍ പൊലീസ് പിടിയില്‍. എസ്ഡിപിഐ ഭാരവാഹിയായ കൊഴിഞ്ഞാമ്പാറ സ്വദേശി മുഹമ്മദ് ഹാറൂണാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കെതിരേ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കൊല ആസൂത്രണം ചെയ്തതിനൊപ്പം കാറിലെത്തി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘാംഗമാണ് നിലവില്‍ അറസ്റ്റിലായ മുഹമ്മദ് ഹാറൂണ്‍. സംഭവം നടന്ന് രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് മുഖ്യപ്രതി പിടിയിലാകുന്നത്.
കൊല്ലപ്പെട്ട സഞ്ജിത്തിനോട് മുഖ്യപ്രതിക്ക് മുന്‍വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സൂത്രധാരന്‍ പിടിയിലായതോടെ നിലവില്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. കൃത്യത്തില്‍ പങ്കെടുത്ത മൂന്ന് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.
നവംബര്‍ 15-നായിരുന്നു സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യയുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.