സഞ്ജിത്ത് കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ് നടത്തി, കൊല നടത്തിയവര്‍ പലവഴിക്ക് നീങ്ങിയെന്ന് മൊഴി

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയുടെ മൊഴി പുറത്ത്. കൊല നടത്തിയ ശേഷം പ്രതികള്‍ കുഴല്‍മന്ദത്ത് നിന്ന് പല വഴിക്ക് പോയെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇയാളെ കൃത്യം നടന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. മുഖംമൂടി ധരിപ്പിച്ചായിരുന്നു തെളിവെടുപ്പിന് എത്തിച്ചത്.

ഇന്നലെയാണ് സഞ്ജിത്ത് കൊലപാതകത്തില്‍ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. മമ്പറത്ത് നിന്ന് കൊല നടത്തിയ ശേഷം കുഴല്‍മന്ദത്തെത്തിയ സംഘം കാര്‍ കേടായതിനെത്തുടര്‍ന്ന് മറ്റ് വാഹനങ്ങളിലായി പല വഴിക്ക് പോയി. പിന്നീടാണ് കാര്‍ മാറ്റിയതെന്നും പ്രതി പറഞ്ഞു. കണ്ണന്നൂരില്‍ വെച്ച് കൊലക്ക് ഉപയോഗിച്ച ആയുധം ഉപേക്ഷിച്ചുവെന്നും മൊഴി നല്‍കിയട്ടുണ്ട്. ആയുധം ഉപേക്ഷിച്ച കണ്ണന്നൂര്‍ സര്‍വീസ് റോഡിലും പ്രതിയെ എത്തിച്ച് സംഘം തെളിവെടുപ്പ് നടത്തി. നവംബര്‍ 15-ന് രാവിലെയായിരുന്നു ഭാര്യയോടൊപ്പം ബൈക്കില്‍ വരികയായിരുന്ന എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ മമ്പറത്ത് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട് നാല് പേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇന്നലെ മുണ്ടക്കയത്തുനിന്ന് ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. നാലുമാസം മുമ്പാണ് സുബൈര്‍ മുണ്ടക്കയത്തെ ബേക്കറിയിലെത്തിയത്. ഇവര്‍ക്ക് കേസുമായുള്ള ബന്ധം എന്തെന്ന് പൊലീസ് വ്യക്തമാക്കിയട്ടില്ല. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയായ ആളാണ് പിടിയിലായതെന്ന് പാലക്കാട് എസ്പി ആര്‍. വിശ്വനാഥ് പറഞ്ഞിരുന്നു.

Read more

കൊലയ്ക്ക് പിന്നിലുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ കൂടുതല്‍ അറസ്റ്റുണ്ടാകാനാണ് സാധ്യത. പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ശ്രദ്ധയോടെയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. അറസ്റ്റിലായ പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.