മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കാന്‍ സാങ്കേതിക ഉപദേഷ്ടാവായി സര്‍ക്കാര്‍ നിയമിച്ച ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍ ശരത് ബി സര്‍വ്വാതെ ഇന്ന് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പരിശോധിച്ചു. ഫ്‌ളാറ്റുടമകള്‍ക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കുടുതല്‍ സമയം മൂന്നംഗ സമിതി അനുവദിച്ചിട്ടുണ്ട്.
പൊളിക്കലിന് കരാര്‍ നല്‍കേണ്ട കമ്പനികളെ ഇന്ന് തീരുമാനിച്ചേക്കും.
രാവിലെ മരട് നഗരസഭയില്‍ എത്തിയ ശരത് ബി സര്‍വാതെ സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറുമായും ചര്‍ച്ച നടത്തി. ഇതിനു ശേഷമാണ് ഫ്‌ളാറ്റുകള്‍ പരിശോധിക്കാന്‍ എത്തിയത്.
ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് ആണ് ആദ്യം പരിശോധിച്ചത്. സാങ്കേതിക സമിതി അംഗങ്ങളും ഒപ്പം ഉണ്ടായിരുന്നു. നാലു ഫ്‌ളാറ്റുകളും സംഘം പരിശോധിച്ചു. അന്തിമ പട്ടികയില്‍ ഉള്ള കമ്പനികളുമായി ചര്‍ച്ച നടത്തിയ ശേഷം ആയിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കരാര്‍ ആര്‍ക്കു നല്‍കണമെന്നും എങ്ങനെ പൊളിക്കണം എന്നും തീരുമാനമുണ്ടാവുക.
ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിനും പൊളിക്കാനുള്ള കമ്പനികളെ കണ്ടെത്തുന്നതിനുമാണ് ശരത് ബി സര്‍വ്വാതെയെ ഉപദേശകനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് പരിഗണിക്കുന്ന കമ്പനികളുമായി സര്‍വ്വാതെ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും പൊളിക്കാനുള്ള കമ്പനികളെ തിരഞ്ഞെടുക്കുക.