'സരിന് ബുദ്ധിയും വിവരവുമുണ്ട്, പക്ഷേ വിവരക്കേടെ പറയൂ'; പരിഹസിച്ച് കെ സുധാകരന്‍

കെപിസിസി ഡിജിറ്റല്‍ സെല്‍ മുന്‍ അധ്യക്ഷനും പാലക്കാട് ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി സരിനെതിരെ പരിഹസിച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സരിന്‍ ഒരു നിഴല്‍ മാത്രമാണെന്നും ബുദ്ധിയും വിവരമുണ്ടെങ്കിലും വിവരക്കേടെ പറയൂവെന്നും സുധാകരന്‍ പരിഹസിച്ചു. അത് സരിന്റെ കുറ്റമല്ലെന്നും ജന്മദോഷമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സരിനെ കൊണ്ടുപോയാല്‍ പാലക്കാട് പിടിക്കാന്‍ കഴിയില്ലെന്നും കെ സുധാകരൻ പറഞ്ഞു.

വയനാട് യുഡിഎഫിന്റെ കെട്ടുറപ്പുള്ള മണ്ഡലമാണെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു. ‘സരിനെ കൊണ്ടുപോയാല്‍ പാലക്കാട് പിടിക്കാന്‍ കഴിയില്ല. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി സിപിഐഎമ്മിന് തന്നെ ഭീഷണി. മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കും. വയനാട് യുഡിഎഫിന്റെ കെട്ടുറപ്പുള്ള മണ്ഡലമാണ്. ഇവിടെ വന്ന് സീറ്റ് പിടിച്ച് പോകാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാട് മുടിച്ചെന്നും 8 വര്‍ഷം ഭരിച്ച പിണറായി വിജയന്‍ ഭരിക്കാന്‍ അറിയാത്ത മുഖ്യമന്ത്രിയാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. പിണറായി വിജയന്റെ നാട്ടില്‍ മത്സരിച്ചപ്പോള്‍ പോലും എനിക്ക് ഒന്നര ലക്ഷം ഭൂരിപക്ഷം കിട്ടി. സിപിഐഎമ്മിന്റെ വോട്ട് കിട്ടിയതുകൊണ്ടാണ് എനിക്ക് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം കിട്ടിയത്. ഭരിക്കാന്‍ അറിയാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പണം കൊള്ളയടിക്കാന്‍ മാത്രം അറിയാം. കേരളത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിയെ കാണുന്നത് നികൃഷ്ട ജീവിയെ പോലെയാണെന്നും കെ സുധാകരൻ പറഞ്ഞു.

Read more