ശശീന്ദ്രനും കുട്ടികളും മരിച്ചിട്ട് ഏഴ് വര്‍ഷം, കുറ്റപത്രം സമര്‍പ്പിച്ച് നാലുവര്‍ഷമായിട്ടും വിചാരണയില്ല, സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിക്കുന്നുവെന്ന് കുടുംബം

പൊതുമേഖലാ സ്ഥാപനമായ പാലക്കാട് വാളയാര്‍ മലബാര്‍ സിമന്റ്സിലെ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിലൊന്നാണ്. 2011 ജനവരി 24-ന് വാളയാര്‍ കുരുടിക്കാടിലെ ജവഹര്‍ നഗറിലുള്ള വീട്ടില്‍ ശശീന്ദ്രനെയും മക്കളായ വിവേക് (13), വ്യാസ്(11) എന്നിവരെയും തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

സംഭവം നടന്നിട്ട് ആറു വര്‍ഷം കഴിഞ്ഞു. വിവാദമായ കേസ് സി.ബി.ഐ ഏറ്റെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിട്ട് നാലുവര്‍ഷവും. ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. കേസില്‍ ഒരു പ്രതി മാത്രമെയുള്ളൂ. വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്‍. മലബാര്‍ സമിന്റ്സുമായി ബന്ധപ്പെട്ട അഴിമതിയും മറ്റും സി.ബി.ഐ അന്യേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസുകളിലും ഇതുവരെ തുടര്‍നടപടികളുണ്ടായിട്ടില്ല. സി.ബി.ഐ കേസില്‍ വിചാരണ തുടങ്ങാത്തതും ഹൈക്കോടതിയിലെ കേസുകളില്‍ തുടര്‍ നടപടികളില്ലാത്തതും ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണം സംബന്ധിച്ച കേസ് അട്ടിമറിക്കാനാണെന്ന് ആരോപിച്ച് സഹോദരന്‍ സനല്‍കുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സി.ബി.ഐ ഡയറക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.

മലബാര്‍ സിമന്റ്സില്‍ നടന്ന കോടികളുടെ അഴിമതിക്കരാറുകളെ എതിര്‍ത്തതിനെ തുടര്‍ന്നാണ് ശശീന്ദ്രനും മക്കള്‍ക്കും ജീവന്‍ നഷ്ടമായത്. അന്നത്തെ കമ്പനി മാനേജിങ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തിയും അഴിമതിക്കാരായ ഉദ്വോഗസ്ഥരും ചേര്‍ന്ന് ആദ്യം ശശീന്ദ്രനെ കമ്പനിയില്‍ നിന്നും പുറത്താക്കി. തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനസികമായി തകര്‍ന്ന ശശീന്ദ്രന്‍ മക്കളെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സി.ബി.ഐ പറയുന്നത്. എന്നാല്‍ കൊലപാതകമാണെന്ന നിലപാടിലാണ് ഭാര്യയും ബന്ധുക്കളും. ആദ്യഘട്ടത്തില്‍ കേസില്‍ മൂന്ന് പ്രതികളുണ്ടായിരുന്നു.

മാനേജിങ് ഡയറക്ടറായിരുന്ന എം.സുന്ദരമൂര്‍ത്തി, ഓഫീസ് സെക്രട്ടറിയായിരുന്ന സൂര്യനാരായണന്‍, വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്്. വി.എം.രാധാകൃഷ്ണന്‍ 80 ദിവസത്തോളം റിമാണ്ട് വേളയില്‍ ജയിലില്‍ കിടന്നിരുന്നു. പക്ഷെ സി.ബി.ഐ 2012-ല്‍ നല്‍കിയ കുറ്റപത്രത്തില്‍ വി.എം.രാധാകൃഷ്ണന്‍ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. മറ്റ് രണ്ടു പേരെയും മാപ്പുസാക്ഷികളാക്കി. കുറ്റപത്രത്തില്‍ ഒരുപാട് തെറ്റുകളുണ്ടെന്ന് പറഞ്ഞ് എറണാകുളം സി.ജെ.എം കോടതി ഈ കുറ്റപത്രം തള്ളിയിരുന്നു.പിന്നീട് രണ്ടാമതും കേസ് അന്വേഷിച്ചു.

ആദ്യ കേസ് അന്യേഷിച്ച ഉദ്വോഗസ്ഥനെക്കാള്‍ ജൂനിയറായ ഒരാളാണ് രണ്ടാമത് കേസ് അന്വേഷിച്ചത്. 2013 അവസാനം രണ്ടാമതും കുറ്റപത്രം നല്‍കി. ഇതിലും വി.എം.രാധാകൃഷ്ണന്‍ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണയാണ് ചുമത്തിയത്. ഇതില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. സി.ബി.ഐയുടെ കണ്ടെത്തല്‍ ശരിയല്ലെന്നും സംഭവം കൊലപാതകമാണെന്നും പറഞ്ഞ് ശശീന്ദ്രന്റെ സഹോദരനായ സനല്‍കുമാര്‍ ഹൈക്കോടതിയില്‍ കേസ്(criminal rp1507/2015) നല്‍കിയിരുന്നു.

ശശീന്ദ്രന്റെ മരണത്തിന് കാരണമായ മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസുകള്‍ സി.ബി.ഐ്ക്ക് വിടണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിജിലന്‍സ് മേധാവി നല്‍കിയ കത്തിന്റെ ചുവട് പിടിച്ച് സനല്‍കുമാറും അച്ഛന്‍ വേലായുധന്‍ മാസറ്ററും ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോയ് കൈതാരത്തും നല്‍കിയ കേസുകളും (wpc 9666/2012,15794/2015)ഹൈക്കോടതിയിലുണ്ട.ഈ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സനല്‍കുമാര്‍ അര്‍ജന്റ് പെറ്റീഷനും നല്‍കിയിട്ടുണ്ട.പക്ഷെ ഒരു കേസിലും തുടര്‍നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് മാത്രം. കേസ് എടുക്കുമ്പോള്‍ ഓരോ കാരണം പറഞ്ഞ്

സര്‍ക്കാര്‍ അഭിഭാഷകനും വി.എം.രാധാകൃഷ്ണന്റെ അഭിഭാഷകനും ചേര്‍ന്ന് ഗൂഢാലോചന നടത്തി കേസ് മാറ്റിവെപ്പിക്കുന്ന തന്ത്രമാണ് നടക്കുന്നതെന്ന് സനല്‍കുമാര്‍ ആരോപിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ കേസുകളില്‍ ശശീന്ദ്രന്‍ കേസിലെ വിചാരണ തടസ്സപ്പെടുത്തുന്ന യാതൊന്നുമില്ലെന്ന് സനല്‍കുമാര്‍ പറഞ്ഞു. കുറ്റപത്രം നല്‍കിയതിനാല്‍ ഏതു സമയത്തും വിചാരണ തുടങ്ങാം. പക്ഷെ സി.ബി.ഐ എന്തുകൊണ്ട വിചാരണ തുടങ്ങുന്നില്ല എന്നറിയില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഇതെന്ന് സംശയമുണ്ട്.

36 കോടിയുടെ അഴിമതി

മലബാര്‍ സിമന്റ്സ് കമ്പനിയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നടന്ന കോടികളുടെ അഴിമതിക്കരാറുകളെ എതിര്‍ത്തതിനാണ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്‍ ബലിയാടായത്്. 22 കോടിയുടെ അഞ്ച്്് അഴിമതിക്കേസുകളില്‍ വിജിലന്‍സ് കുറ്റപത്രം നല്‍കി. 14 കോടിയുടെ ബാഗ് ഹൗസ് കരാര്‍ അഴമിതി അന്യേഷിച്ചുകൊണ്ടിരിക്കുന്നു. ഇതിനുപുറമെ ഡീലര്‍മാര്‍ക്ക് വഴിവിട്ട് സബ്സിഡി നല്‍കിയതിനും വിദേശത്ത് നിന്ന് ക്ലിങ്കര്‍ ഇറക്കുമതി ചെയ്തതിലും അഴിമതി ആരോപിച്ചുള്ള കേസുകളും അന്യേഷിക്കുന്നുണ്ട്.
ശശീന്ദ്രന്‍ കേസും മലബാര്‍ സിമന്റ്സ് അഴിമതിക്കേസുകളും നീട്ടാതെ വേഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് സനല്‍കുമാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും രജിസ്ട്രാര്‍ക്കും സംസ്ഥാന സര്‍ക്കാരിനും സി.ബി.ഐ ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.