ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ സത്യഭാമയ്ക്ക് ജാമ്യം

നർത്തകൻ ആർഎല്‍വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപക്കേസില്‍ നർത്തകി സത്യഭാമയ്ക്ക് ജാമ്യം. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിന്റെ പുറത്താണ് നെടുമങ്ങാട് എസ്‌സി/എസ്‌ടി കോടതി സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാകണമെന്നും സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നും പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

അഡ്വക്കേറ്റ് ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയിൽ എത്തിയത്. നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് സത്യഭാമ കോടതിയിൽ കീഴടങ്ങിയത്. ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് നേരത്തെ ഹൈക്കോടതി നിർദേശിച്ചത്.

അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്‍സി എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്.

ഒരു അഭിമുഖത്തിലാണ് കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നും സത്യഭാമ ആക്ഷേപിച്ചത്. മോഹിനിയാകാൻ സൗന്ദര്യം വേണം. കറുത്ത കുട്ടികൾ മേക്കപ്പിട്ടാണ് മത്സരങ്ങളിൽ സമ്മാനം വാങ്ങുന്നത്. കറുത്ത നിറമുള്ളവരെ മോഹിനിയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും സത്യഭാമ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്. ഇത് ഏറെ വിവാദമായിരുന്നു.