ഗവേഷണ കേന്ദ്രത്തിന് പതിച്ചു നല്‍കിയ ഭൂമിയില്‍ സിപിഎം പാര്‍ട്ടി ഓഫീസ്; എകെജി സെന്റര്‍ കേരള സര്‍വകലാശാലയ്ക്ക് മടക്കി നല്‍കാനുള്ള മാന്യത കാട്ടണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍

സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് വരുന്നതോടെ നിലവിലെ എകെജി സെന്റര്‍ കേരള സര്‍വകലാശാലയ്ക്ക് മടക്കി നല്‍കാനുള്ള മാന്യത സിപിഎം കാട്ടണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍. എകെജിയുടെ സ്മാരകമായി ഗവേഷണ കേന്ദ്രത്തിന് പതിച്ചു നല്‍കിയ ഭൂമിയലാണ് സിപിഎം പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിപ്പിച്ചത്.

ഇനി എകെജി സെന്റ പഠന ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പഠന ഗവേഷണ കേന്ദ്രത്തിന് സൗജന്യമായി പതിച്ചുനല്‍കിയ ഭൂമിയില്‍ കഴിഞ്ഞ നാല് ദശാബ്ദമായി സിപിഎം ആസ്ഥാനം പ്രവര്‍ത്തിച്ചുവെന്നതിന് തെളിവാണെന്നും സേവ് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.

ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ ഗവര്‍ണര്‍ക്കും കേരള സര്‍വകലാശാല വിസിക്കും നിവേദനം നല്‍കി.

1977ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ.നായനാര്‍ എകെജിയുടെ പേരില്‍ പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സര്‍വകലാശാല വളപ്പില്‍ സ്ഥലം പതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്. 1977 ഓഗസ്റ്റ് 20ന് കേരളസര്‍വകലാശാലയുടെ സെനറ്റ് ഹൗസ് വളപ്പിലുള്ള ഭൂമി സൗജന്യമായി പതിച്ച് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്ന് സര്‍വകലാശാല 34 സെന്റ് ഭൂമി സിപിഎം സെക്രട്ടറിയുടെ പേരില്‍ നല്‍കി. എന്നാല്‍, സര്‍ക്കാര്‍ അനുമതി ഇല്ലാതെ 15 സെന്റ് കൂടി അനുവദിക്കുകയായിരുന്നു.

Read more

1988ല്‍ എകെജി സെന്ററിന് ചുറ്റുമതില്‍ കെട്ടിയപ്പോള്‍ പതിച്ചുനല്‍കിയതിലും കൂടുതല്‍ ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു സേവ് യൂണിവേഴ്‌സിറ്റി നേതാക്കള്‍ പറഞ്ഞു.