62മത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി നാല് മുതൽ കൊല്ലത്ത് നടക്കും. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ജനുവരി നാല് മുതല്‍ എട്ട് വരെ അഞ്ച് ദിവസങ്ങളിൽ ആയി 24 വേദികളിൽ മത്സരങ്ങൾ നടക്കും. സമാപന സമ്മേളനത്തിൽ നടൻ മമ്മൂട്ടി മുഖ്യാതിഥി ആകും.
15 വർഷത്തിന് ശേഷമാണ് കൊല്ലത്തേക്ക് കൗമാരകലാമേള എത്തുന്നത്. പ്രധാന വേദി ആശ്രാമം മൈതാനമാണ്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി സ്കൂള്‍, വിഎച്ച്എസ്എസ് വിഭാഗങ്ങളിൽ 239 ഇനങ്ങളിൽ 14000 വിദ്യാർത്ഥികൾ പങ്കെടുക്കും. ഒപ്പം അറബിക് സംസ്‌കൃതം കലോത്സവവും നടക്കും. വിധി നിർണയം അടക്കം കുറ്റമറ്റതാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഉദ്ഘാടന ദിവസം ഭിന്നശേഷിക്കാരായ കുട്ടികളുടെ ചെണ്ടമേളം, കാസർഗോഡ് നിന്നുള്ള ഗോത്ര കലാരൂപമായ മംഗലംകളി എന്നിവ വേദിയിൽ അവതരിപ്പിക്കും. അടുത്ത വർഷം മുതൽ ഗോത്ര കലാരൂപങ്ങൾ മത്സരയിനം ആക്കാനും ആലോചനയുണ്ട്. 2008 ൽ പരിഷ്കരിച്ച കലോത്സവം മാനുവൽ അടുത്ത വർഷം പരിഷ്കരിക്കും.
പന്തല്‍ നിര്‍മാണവും ഭക്ഷണ വിതരണത്തിനുള്ള ക്രമീകരണവും അവസാന ഘട്ടത്തിലാണ്. ഇക്കുറിയും കലോത്സവത്തിന് വെജിറ്റേറിയൻ ഭക്ഷണമാണ് നൽകുക. പഴയിടം മോഹനൻ നമ്പൂതിരിക്ക് തന്നെയാണ് ഭക്ഷണം ഉണ്ടാക്കാനുള്ള ചുമതല. കോഴിക്കോട് നിന്ന് സ്വർണകപ്പുമായുള്ള യാത്ര രണ്ടിന് പുറപ്പെട്ട് വിവിധ ജില്ലകളിലെ സ്വീകരണം ഏറ്റുവാങ്ങി മൂന്നിന് കൊല്ലത്ത് എത്തും. ആദ്യമായി കലോത്സവത്തിന് എത്തുന്നവർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്.
കലോത്സവത്തില്‍ പൂർണമായും ഹരിത പ്രോട്ടോകോൾ പാലിക്കാനുള്ള നടപടികൾ തുടങ്ങി. ഹരിത കർമ സേനയുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിലാണ് കലോത്സവ നഗരി പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നത്. വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾകൊണ്ട് ക്രിയേറ്റീവ് ഉത്പന്നങ്ങളുണ്ടാക്കാനാണ് തീരുമാനം.