സംസ്ഥാനത്തെ സ്‌കൂളുകളില്‍ നാളെ മുതല്‍ പ്രി പ്രൈമറി മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് അധ്യയനം ആരംഭിക്കും. ഉച്ച വരെ ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. പ്രീ പ്രൈമറി ക്ലാസുകള്‍ 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തി തിങ്കള്‍ മുതല്‍ വെള്ളി വരെ ഉച്ചവരെ മാത്രമായിരിക്കും. 10, 11, 12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ തുടരും.
ഈ മാസം 21ാം തിയതി മുതല്‍ സ്‌കൂളുകള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും, എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസുകളില്‍ എത്തണമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. 21 മുതല്‍ ക്ലാസുകള്‍ വൈകിട്ട് വരെ ഉണ്ടായിരിക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൊതു അവധികള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും. പാഠ ഭാഗങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഇത്തരം ക്രമീകരണം എന്ന് മന്ത്രി പറഞ്ഞു.
എല്ലാ ക്ലാസുകളിലും ഇത്തവണ വാര്‍ഷിക പരീക്ഷകള്‍ ഉണ്ടായിരിക്കും. അടുത്ത മാസം 16 മുതല്‍ മോഡല്‍ പരീക്ഷ നടത്തും. എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ, എച്ച്.എസ്.ഇ മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 14ന് ആരംഭിക്കും.
പത്ത്, പ്ലസ്ടു ക്ലാസുകളിലെ ഓരോ അധ്യാപകനും ഓരോ വിഷയത്തിലും പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ റിപ്പോര്‍ട്ട് നല്‍കണം. പഠനത്തില്‍ പിന്നില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം കര്‍മ്മ പദ്ധതി തയാറാക്കണം. 21 മുതല്‍ പി.ടി.എ യോഗങ്ങള്‍ ചേരണം. ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും പുറത്തിറക്കി. അതേസമയം ഗ്രേസ് മാര്‍ക്ക് വിഷയം പരീക്ഷ ബോര്‍ഡ് യോഗം ചേര്‍ന്ന് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.