സ്‌കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; ക്ലാസുകള്‍ വൈകിട്ട് വരെ, വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കുന്നു. സ്‌കൂളുകളില്‍ 10,11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് മുതല്‍ അധ്യയനം ആരംഭിക്കുന്നത്. ക്ലാസുകള്‍ ഇന്ന് മുതല്‍ വൈകിട്ട് വരെ നടക്കും. പരീക്ഷയ്ക്ക് മുമ്പായി പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് സമയം കൂട്ടിയത്. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ തുറക്കുന്നതും ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് ഇന്ന് 10.30ന് ഉന്നതതല യോഗം ചേരും.

യോഗത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.

Read more

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ജനുവരി 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. നിലവില്‍ രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സ്‌കൂളുകളും തുറക്കാന്‍ തീരുമാനിച്ചത്.