ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ പഠനം ആരംഭിക്കും.
വെള്ളി മുതല്‍ രണ്ടാഴ്ച്ചത്തേയ്ക്ക് കുട്ടികള്‍ സ്‌കൂളില്‍ എത്തേണ്ടതില്ല. രണ്ടാഴ്ച്ച കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും.10,11,12 ക്ലാസുകളിലെ കുട്ടികള്‍ക്ക് സാധാരണ നിലയില്‍ ക്ലാസുകള്‍ ഉണ്ടാവും. എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകണം.
കൈറ്റ് വിക്ടേഴ്സിലൂടെയാണ് ഓണ്‍ലൈന്‍ ക്ലാസ് നടത്തുക. എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ പ്രഥമാധ്യാപകര്‍ ഉറപ്പ് വരുത്തണം. ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ അഭിമുഖീകരിക്കുന്ന പഠന സമ്മര്‍ദങ്ങള്‍ ലഘൂകരിക്കുന്നതിന് ആവശ്യമെങ്കില്‍ രക്ഷിതാക്കളുമായി ചേര്‍ന്ന് പ്രത്യേക കൗണ്‍സിലിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഈ മാസം 22,23 തീയതികളില്‍ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലും ശുചീകരണ, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്. സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ സ്‌കൂള്‍ രണ്ടാഴ്ച്ച അടച്ചിടണം.