എസ്ഡിപിഐയോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ല; തിരഞ്ഞെടുപ്പില്‍ സിപിഎം വോട്ട് ചെയ്താലും വാങ്ങുമെന്ന് കെ സുധാകരന്‍

യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷനും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍. കോണ്‍ഗ്രസും യുഡിഎഫും എസ്ഡിപിഐയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പില്‍ ആര് വോട്ട് ചെയ്താലും സ്വീകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ എന്നല്ല സിപിഎം വോട്ട് ചെയ്താലും വാങ്ങും. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാര്‍ത്ഥിയും പറയില്ല. വോട്ട് വാങ്ങുന്നത് സ്ഥാനാര്‍ത്ഥിയുടെ മിടുക്കാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ മൂവാറ്റുപഴ അഷ്‌റഫ് മൗലവിയാണ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കേരളത്തില്‍ ഇത്തവണ മത്സരിക്കേണ്ടെന്നാണ് എസ്ഡിപിഐയുടെ തീരുമാനം. സിഎഎ പിന്‍വലിക്കുമെന്നും ജാതിസെന്‍സസ് നടപ്പാക്കുമെന്നുമുള്ള കോണ്‍ഗ്രസിന്റെ നിലപാടും ദേശീയ സാഹചര്യവും പരിഗണിച്ചാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ എസ്ഡിപിഐ തീരുമാനിച്ചതെന്ന് അഷ്‌റഫ് മൗലവി വ്യക്തമാക്കിയിരുന്നു.

Read more

അതേസമയം എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും പ്രതികരിച്ചിരുന്നു. എസ്ഡിപിഐ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം പിന്തുണച്ചതല്ലെന്നും മറ്റ് കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വം വിശദീകരിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.