കടലിൽ കണ്ട മൃതദേഹത്തിനായി നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചു; മൃതദേഹം അർജുൻ്റേതാവാൻ സാധ്യതയില്ലെന്ന് ഈശ്വർ മാൽപെ

കുംട കടലിൽ മൃതദേഹത്തിനായി നടത്തിവന്ന തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെയും സംഘവും. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയായതോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. തിരച്ചിലിൽ മൃതദേഹം കണ്ടെത്താനായില്ല. അതേസമയം മൃതദേഹം അർജുൻ്റേതാവാൻ സാധ്യതയില്ലെന്ന് ഈശ്വർ മാൽപെ പറഞ്ഞു.

ഉച്ചയോടെയാണ് കടലിൽ മൃതദേഹം കണ്ടെന്ന വിവരം മത്സ്യത്തൊഴിലാളികൾ അറിയിച്ചത്. തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാൽ ഇതുവരെ ഒരു മൃതദേഹവും കണ്ടെത്തിയിട്ടില്ലെന്ന് കർണാടക പൊലീസ് അറിയിച്ചു. അതിനിടെ മൂന്ന് ദിവസം മുമ്പ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണോ ഇതെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ഗോകർണ ജില്ലയിലെ അകനാശിനി ബഡാ മേഖലയിലാണ് മൃതദേഹം കണ്ടതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചത്. ഷിരൂരിൽ അപകടം നടന്ന അങ്കോല ഹൊന്നാവറിന് സമീപം അകനാശിനി ബാഡെയിൽ നിന്നും കടലിൽ ഒഴുകുന്ന നിലയില്‍ ഒരു പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു ലഭിച്ച വിവരം. ഷിരൂരിൽ നിന്നും 60 കിലോമീറ്റർ ചുറ്റളവിലാണ് മൃതദേഹം കണ്ടെത്തിയ പ്രദേശം. ഷിരൂർ അപകടത്തിൽപ്പെട്ട അർജുൻ അടക്കമുള്ള മൂന്ന് പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Read more