അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ നടന്ന ഏറ്റുമുട്ടലിൽ രക്ഷപ്പെട്ടവരെ കണ്ടെത്താൻ പൊലീസിന് ഇനിയുമായിട്ടില്ല. രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. മരിച്ച എല്ലാവരെയും തിരിച്ചറിയാൻ കാലതാമസമെടുക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് മണിവാസകത്തിന്റെ ബന്ധുക്കളും ആദിവാസി ആക്ഷൻ കൗൺസിലും ആരോപിച്ചു.
ആറ് പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം കഴിഞ്ഞ മാസം 28-ന് തണ്ടർ ബോൾട്ട് സംഘത്തിന് നേരെ വെടിയുതിർത്തെന്നായിരുന്നു പൊലീസ് നൽകിയ വിശദീകരണം. ഇതിൽ മൂന്നുപേർ ആദ്യത്തെ ദിവസവും ഒരാൾ രണ്ടാം ദിവസവും കൊല്ലപ്പെട്ടു. ആയുധധാരികളായ രണ്ടുപേർ ഉൾവനത്തിലുണ്ടെന്നായിരുന്നു പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചിക്കണ്ടി ഉൾവനത്തിൽ ഡ്രോൺ ഉൾപ്പെടെയുളള ആധുനിക തെരച്ചിൽ സംവിധാനമുപയോഗിച്ച് പരിശോധനകൾ നടത്തി.
എന്നാൽ ഇവരുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ലെന്നാണ് വിശദീകരണം. ഇവർ കർണാടക, തമിഴ്നാട് മേഖലകളിലേക്ക് പോകാനുളള സാദ്ധ്യത കൂടി കണക്കിലെടുത്ത് അതത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരും തെരച്ചിലിനുണ്ട്. മറുഭാഗത്ത് മരിച്ചവരെ തിരിച്ചറിയാൻ സാധിക്കാത്തതും പൊലീസിനെ കുഴയ്ക്കുന്നുണ്ട്. മണിവാസകത്തെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മരിച്ച സ്ത്രീ രമയോ ശ്രീമതിയോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അരവിന്ദോ കാർത്തിയോ എന്നതിലും സ്ഥിരീകരണമില്ല. കൊല്ലപ്പെട്ടത് മാവോയിസ്റ്റുകളോ മറ്റാരെങ്കിലുമോ എന്നതിൽ സ്ഥിരീകരണം വേണമെന്നാണ് ആദിവാസി ആക്ഷൻ കൗൺസിലിന്റെ ആവശ്യം.
അതേ സമയം ബന്ധുക്കളെത്തും മുമ്പേ, പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതാണ് തിരിച്ചറിയലിന് തടസ്സം നിൽക്കുന്നതെന്നാണ് മണിവാസകത്തിന്റെ ബന്ധുക്കൾ പറയുന്നത്. ആശങ്ക നീക്കാൻ മാവോ ഭീഷണിയുളള സംസ്ഥാനങ്ങളിലെ പൊലീസ് സഹായം അഭ്യർത്ഥിച്ച് കാത്തിരിക്കുകയാണ് കേരള പൊലീസ്.