സെക്രട്ടേറിയറ്റ് തീപിടുത്തം; മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം തെളിവുകൾ നശിപ്പിക്കുന്ന ഒരു പ്രക്രിയ: രമേശ് ചെന്നിത്തല

സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപിടുത്തം എല്ലാ അഴിമതികളെയും തമസ്ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നേരത്തെ പറഞ്ഞത് ഇടിവെട്ടി ക്ലിഫ് ഹൗസിൽ സി.സി.ടി.വി ക്യാമറ പോയി എന്ന്. അത് കഴിഞ്ഞപ്പോൾ സെക്രട്ടേറിയറ്റിലും ഇടിവെട്ടി എന്നാണ് പറഞ്ഞത്. ഒരു തെളിവുകളും അവശേഷിപ്പിക്കാൻ താത്പര്യം ഇല്ല. ഇത് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം തെളിവുകൾ നശിപ്പിക്കുന്ന ഒരു പ്രക്രിയയാണ് ഇപ്പോൾ സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങൾ എൻ.ഐ.എ ചോദിച്ചിട്ട് കൊടുക്കുന്നില്ല. ഇപ്പോൾ ചീഫ് പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസ് ആയ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തം ഉണ്ടായാൽ അതിന്റെ അർത്ഥം തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ് എന്ന് വ്യക്തമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

Read more

എല്ലാ തെളിവുകളും നശിപ്പിച്ച് സ്വർണക്കടത്തിലെ പ്രതികളെ രക്ഷിക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നു. അതാണ് ഇന്നിപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അപമാനകരമായ സംഭവമാണ് ഇത്. എൻ.ഐ.എ യും ഇ.ഡി യും ചോദിച്ച രേഖകൾ ഒന്നും കൊടുക്കാതെ ഒരു തെളിവും കൊടുക്കാതെ സ്വർണക്കടത്തിലെ പ്രതികളെ രക്ഷപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.