സെക്രട്ടേറിയറ്റിലെ തീപിടുത്തം: തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം സ്ഥലത്ത് നിന്ന് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും. ശാസ്ത്രീയ പരിശോധനകൾക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കുന്നതിന് വേണ്ട‍ിയാണിത്. കൂടുതൽ സാക്ഷികളുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തും.

തീപിടുത്തം ആദ്യം കണ്ട ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റെയും, സ്ഥലത്തേക്ക് ഓടിയെത്തിയവരുടേയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. സ്ഥലത്തെ സിസിടിവി അടക്കമുളള കാര്യങ്ങളും ഇന്ന് പൊലീസ് പരിശോധിക്കും. ഫോറൻസിക് ഫലം വന്നാലുടൻ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കും.

കേടായ ഫാനിന്‍റെ സ്വിച്ചില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമാകണമെങ്കില്‍ ഫോറന്‍സിക് പരിശോധനാഫലം ലഭിക്കണം. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ  അടച്ചിട്ട മുറിയിലെ ചുമരിലെ ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി കര്‍ട്ടനിലേക്കും ഷെല്‍ഫിലേക്കും പേപ്പറിലേക്കും വീണു. ഇതാണ്  കാരണമെന്നാണ് പൊതുമരാത്ത് വകുപ്പിന്റെ കണ്ടെത്തല്‍.  ഷോര്‍ട്ട് സര്‍ക്യൂട്ടാവും കാരണമെന്നാണ് ദുരന്ത നിവാരണ കമ്മീഷണറുടെ നേതൃത്വത്തിലുളള വിദഗ്ധസംഘത്തിന്റെയും നിഗമനം.

ഫയലുകള്‍ ഒന്നും നഷ്ടമായില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാൽ ഗസറ്റ് നോട്ടിഫിക്കേഷനുകളുടെ പകർപ്പും ഗസ്റ്റ് ഹൗസുകൾ അനുവദിച്ച മുൻകാല ഫയലുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പൊതുഭരണവിഭാഗം അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എ.പി രാജീവൻ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഗസ്റ്റ് ഹൗസുകള്‍ അനുവദിച്ച മുന്‍കാല ഫയലുകള്‍ കത്തിനശിച്ചെന്ന് അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ പൊലീസിന് മൊഴിയും നൽകിയിട്ടുണ്ട്. അട്ടിമറി ഉള്‍പ്പെടെ അന്വേഷിക്കപ്പെടുന്ന  തീപിടുത്തത്തിന്റെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് സംഘവും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും പരിശോധിച്ചു.