തളിപ്പറമ്പ് ലീഗില്‍ വിഭാഗീയത; കുഞ്ഞാലിക്കുട്ടി- കെ. എം ഷാജി പോരില്‍ സമാന്തര കമ്മിറ്റികള്‍ രൂപീകരിച്ചു

കണ്ണൂര്‍ മുസ്ലീം ലീഗില്‍ വിഭാഗീയത. തളിപ്പറമ്പില്‍ സമാന്തര മുനിസിപ്പല്‍ കമ്മിറ്റി രൂപീകരിച്ചു. സമാന്തര കമ്മിറ്റിക്ക് പിന്നില്‍ കുഞ്ഞാലിക്കുട്ടി അനുയായികള്‍. ലീഗ് ജില്ലാ നേതൃത്വത്തിലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി കെഎം ഷാജി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍.

കെ എം ഷാജിയെ അനുകൂലിക്കുന്ന യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് യു കെ സുബൈറും, കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന ജില്ലാ കമ്മിറ്റി അംഗം അള്ളംകുളം മുഹമ്മദും നേതൃത്വം നല്‍കുന്ന വിഭാഗങ്ങളാണ് പാര്‍ട്ടിയില്‍ വിഭാഗീയതയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കണ്ണൂരിലെ തന്നെ മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് തളിപ്പറമ്പ്.

വിഭാഗീയത ശക്തമായതോടെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഇടപെട്ട് തളിപ്പറമ്പിലെ കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. പി കെ സുബാറിന്റെ നേതൃത്വത്തിലുള്ള മുനിസിപ്പല്‍ കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

കഴിഞ്ഞദിവസം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ കാമ്പയിനുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ അതിക്രമിച്ച് കടക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന നേതാക്കളെ തടഞ്ഞുവെച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് കമ്മിറ്റി പുനഃസ്ഥാപിച്ചതായി കത്ത് നല്‍കിയായിരുന്നു പ്രതിഷേധത്തെ ഒതുക്കിയത്.

എന്നാല്‍ ഇതിനെതിരെ കുഞ്ഞാലിക്കുട്ടി വിഭാഗത്തില്‍ പെട്ട മുഹമ്മദ് അള്ളംകുളത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയില്‍ കുഞ്ഞാലിക്കുട്ടി അനുകൂലികളെ മാത്രം ഉള്‍പ്പെടുത്തി സമാന്തര കമ്മിറ്റി രൂപീകരിച്ചതോടെയാണ് വിഭാഗീയത രൂക്ഷമായത്. സമാനരീതിയില്‍ തന്നെ വനിതാ ലീഗിലും, യൂത്ത് ലീഗിനും സമാന്തരം കമ്മിറ്റി രൂപീകരിച്ചതോടെ സംസ്ഥാന നേതാക്കള്‍ ഇടപെട്ടുവെന്നാണ് വിവരം.