വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തില്‍ സുരക്ഷാവീഴ്ച. തീവണ്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമേ അതില്‍ യാത്ര ചെയ്യാന്‍ പാടുള്ളൂ എന്നിരിക്കെ യുവതിയും കൈക്കുഞ്ഞുമുള്‍പ്പെടെ പലരും യാത്ര ചെയ്തതാണ് വിവാദമായിരിക്കുന്നത്.
റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണ് പരീക്ഷണ യാത്രയില്‍ ട്രെയ്‌നില്‍ കയറിയത് എന്നാണ് സൂചന. എറണാകുളത്ത് നിന്ന് കയറിയ അവരില്‍ ചിലര്‍ സി 12 കോച്ചിലാണ് യാത്ര ചെയ്തത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാനുള്ള ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലംഘിച്ചും ഇവര്‍ യാത്ര തുടരുകയായിരുന്നു.
കാസര്‍ഗോഡ് തീവണ്ടി നിര്‍ത്തിയപ്പോള്‍ സി 12 കോച്ചിന്റെ ജനല്‍ കര്‍ട്ടനുകള്‍ മറച്ച നിലയിലായിരുന്നു. വിഷയം മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടത് തിരിച്ചറിഞ്ഞതോടെ ഇവര്‍ കാസര്‍ഗോഡ് ഇറങ്ങി. പിന്നീട് ഇവരെ വിഐപി മുറിയിലേക്ക് മാറ്റി പിന്നാലെ വന്ന ഭാവ്നഗര്‍-കൊച്ചുവേളി ട്രെയ്‌നില്‍ കയറ്റിവിട്ടു.
അതേസമയം, കാസര്‍ഗോഡ് എത്തിയ വന്ദേഭാരത് ട്രെയ്‌നിനുള്ളില്‍ നിന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മാധ്യമങ്ങളെ കണ്ടതും വിവാദമായിരിക്കുകയാണ്. സി ഒന്ന് കോച്ചിലാണ് എംപി, എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് എന്നിവര്‍ക്കൊപ്പം ചാനലുകളോട് പ്രതികരിച്ചത്.
പരീക്ഷണ ഓട്ടം നടത്തുന്ന ട്രെയ്‌നിനുള്ളില്‍ നിന്നും മാധ്യമങ്ങളെ കണ്ടത് സുരക്ഷാവീഴ്ചയും പ്രോട്ടോകോള്‍ ലംഘനവുമാണ് എന്നാണ് ആക്ഷേപം. അത്തരം നടപടികള്‍ അനുവദനീയമല്ലെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.