കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആറു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍. ഇവരെല്ലാം ഒളിവിലാണെന്നും പൊലിസ് പറയുന്നു. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് മനസ്സിലായത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം. ഡി. വൈ. എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്‍ സെക്രട്ടറിയുമായ അരുണിനെ നേരത്തെ പ്രതിചേര്‍ത്തിരുന്നു.
അതേസമയം പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരെ ഒരു സംഘം ക്രൂരമായി മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പതിനഞ്ചോളം വരുന്ന സംഘമാണ് മര്‍ദനം നടത്തിയത്. സൂപ്രണ്ടിനെ കാണാന്‍ വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു മര്‍ദനം. പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് വിശദമായ മൊഴിയെടുത്തു.
സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോവണമെന്നാവശ്യപെട്ട് രാവിലെ എത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാരന്‍ വഴിയില്‍ തടഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത് . ഇവര്‍ക്ക് പിന്നാലെ 9.30 ഓടെ പതിനഞ്ചംഗ സംഘമെത്തി സുരക്ഷാ ജീവനക്കാരെ മര്‍ദിക്കാന്‍ തുടങ്ങി. പലരും ഹെല്‍മെറ്റും മാസ്‌കും ഉപയോഗിച്ച് മുഖം മറച്ചിരുന്നു. എങ്കിലും കണ്ടാലറിയുന്ന ചിലരും സംഘത്തിലുണ്ടായിരുന്നു.