കെ.വി.തോമസിനെതിരെ മുദ്രാവാക്യം വിളിയുമായി കോൺഗ്രസ് പ്രവർത്തകർ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ ലീഡെടുത്തതിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ആഹ്ളാദം പ്രകടിപ്പിച്ചത്. ആവേശഭരിതരായ കോൺഗ്രസ് പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിന് മുന്നിലാണ് മുദ്രാവാക്യം വിളിയുമായി ഇറങ്ങിയത്.
തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വിട്ട് എൽഡിഎഫിലേക്ക് പോയ മുതിർന്ന നേതാവ് കെ.വി.തോമസിനെതിരെ നിന്നെ പിന്നെ കണ്ടോളാം എന്നായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം. ആദ്യം പിടി തോമസിനെ വാഴ്ത്തിയും ഉമാ തോമസിനെ അഭിനദിച്ചുമുള്ള മുദ്രാവാക്യം വിളിയിൽ പീന്നീടാണ് കെ വി തോമസിന്റെ പേര് പരാമർശിക്കപ്പെട്ടത്.
നാലാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ കഴിഞ്ഞ തവണ പിടി തോമസ് നേടിയതിലും ഇരട്ടി വോട്ടുകളാണ് ഉമ ലീഡായി പിടിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞതവണ പിടി തോമസ് ലീഡിൽ പിന്നോട്ട് പോയ ചില മേഖലകളാണ് അഞ്ചാം റൗണ്ടിൽ എണ്ണാനുള്ളത്.
ഇവിടെ വോട്ടെണ്ണി കഴിയുമ്പോൾ ഉമ പിന്നോട്ട് പോയാലും പിടിയേക്കാൾ മികച്ച ഭൂരിപക്ഷത്തിലേക്ക് ഉമ നീങ്ങും എന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. തൃക്കാക്കരയിലെ കൊച്ചി നഗരസഭയുടെ ഭാഗമായ മേഖലകളിലാണ് ഇപ്പോൾ വോട്ടെണ്ണൽ പുരോഗമിക്കുന്നത്.