മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ പത്മഭൂഷൺ അന്തിമ പട്ടികയിൽ

മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ പത്മഭൂഷൺ അന്തിമ പട്ടികയിൽ. ഒ രാജഗോപാലിനെ ഉൾപ്പെടുത്തിയത് പൊതുപ്രവർത്തക വിഭാഗത്തിൽ നിന്നുമാണ്. ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവും മുൻ നേമം എംഎൽഎയും മുൻ കേന്ദ്രമന്ത്രിയുമാണ് ഒ രാജഗോപാൽ.

ജനസംഘം സ്ഥാപക നേതാവാണ് ഒ രാജഗോപാൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ഔദ്യോഗികമായിഒ രാജഗോപാലിന് സന്ദേശം ലഭിച്ചു. അന്തിമ പട്ടിക ഇന്ന് വൈകിട്ടോടെ പുറത്തുവരും. അതേസമയം പൊതുവേദിയിൽ കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയെ വാനോളം പുകഴ്ത്തിയ ഒ രാജഗോപാലിന്റെ പ്രസംഗം അടുത്തിടെ ഏറെ ചർച്ചയായിരുന്നു.

തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ കഴിയുന്ന ശശി തരൂരിന് അതുകൊണ്ടാണ് വീണ്ടും വീണ്ടും ജയിക്കാൻ കഴിഞ്ഞത്. ഇനി അടുത്ത കാലത്ത് വേറെ ആർക്കെങ്കിലും അവസരം ലഭിക്കുമോയെന്ന് സംശയമുണ്ടെന്നും ഒ രാജഗോപാൽ പറഞ്ഞു. തരൂരിൻറെ സേവനം കൂടുതൽ ലഭ്യമാകട്ടയെന്ന് പ്രാർഥിക്കുന്നതായും ഒ രാജഗോപാൽ പറഞ്ഞു. എന്നാൽ പരാമർശം വിവാദമായതോടെ തിരുത്തുമായി രാജഗോപാൽ രംഗത്തെത്തി. തരൂരിനെക്കുറിച്ചുള്ള പരാമർശം താൻ ഉദ്ദേശിച്ച രീതിയിൽ അല്ല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നാണ് പിന്നീട് പുറത്തിറക്കിയ കുറിപ്പിൽ രാജഗോപാൽ പറഞ്ഞത്.