മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമാണ് ശൂരനാട് രാജശേഖരൻ. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.

അതേസമയം പൊതുദർശനം ഉണ്ടാകില്ലെന്ന് കുടുംബം അറിയിച്ചു. തന്റെ മരണ ശേഷം പൊതുദർശനം പാടില്ലെന്നും മൃതദേഹം മോർച്ചറിയിൽ വയ്ക്കരുതെന്നും ശൂരനാട് രാജശേഖരൻ കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നുവെന്നും കുടുംബം അറിയിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് ചാത്തന്നൂരിലെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം.

കൊല്ലം ശാസ്താംകോട്ട ഡിബി കോളേജില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. രാജ്യസഭയിലേക്കും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.

Read more