മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇ.സോമനാഥ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ.സോമനാഥ് (58) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മലയാള മനോരമ മുന്‍ സീനിയര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റായിരുന്നു സോമനാഥ്. സംസ്‌കാരം ഇന്ന് വൈകിട്ട് ശാന്തി കവാടത്തില്‍ നടക്കും.

മാധ്യമരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു സോമനാഥ്. ‘ആഴ്ചക്കുറിപ്പുകള്‍’ എന്ന പേരില്‍ മലയാള മനോരമയില്‍ എഴുതിയിരുന്ന പ്രതിവാര രാഷ്ട്രീയ ലേഖനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ‘നടുത്തളം’ എന്ന നിയമസഭാ അവലോകനങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. എഴുത്തിന്റെ ശൈലിയില്‍ വേറിട്ട് നിന്ന അദ്ദേഹം 34 വര്‍ഷം മലയാള മനോരമയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയം, പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ തന്റേതായ സാന്നിധ്യം അറിയിച്ച അദ്ദേഹം 2021 ലാണ് വിരമിച്ചത്.

നിയമസഭാ റിപ്പോര്‍ട്ടിങ്ങില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവര്‍ത്തനം കണക്കിലെടുത്ത് സാമാജികര്‍ക്കു മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയ റൂമില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സോമനാഥിനെ ആദരിച്ചിരുന്നു. സ്പീക്കറും മന്ത്രിമാരും എംഎല്‍എമാരും നേരിട്ടെത്തിയാണ് ഈ ചടങ്ങില്‍ സോമനാഥിനെ ആദരിച്ചത്. ഇക്കാലയളവില്‍ ആകെ 5 ദിവസം മാത്രമായിരുന്നു നിയമസഭാ അവലോകനത്തിനായി അദ്ദേഹം സഭയില്‍ എത്താതിരുന്നത്.

Read more

വള്ളിക്കുന്ന് അത്താണിക്കലാണ് സോമനാഥിന്റെ സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എ.യു.പി സ്‌കൂള്‍ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി.എം.ഗോപാലന്‍ നായരുടെയും, അധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിയമ്മയുടെയും മകനാണ്. ഭാര്യ: രാധ, മകള്‍: ദേവകി. മരുമകന്‍: മിഥുന്‍.