മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജി. ശേഖരന്‍ നായര്‍(75) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഇന്നു രാവിലെ 11ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1980-ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ജി. ശേഖരന്‍ നായര്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ബ്യൂറോ ചീഫായും കോഴിക്കോട്ട് ചീഫ് സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ മികവിന് മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരമ്പര ഉയര്‍ത്തിയ വിവാദങ്ങളെത്തുടര്‍ന്ന് കെ. കരുണാകരന്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആര്‍. രാമചന്ദ്രന്‍നായര്‍ രാജിവെച്ചിരുന്നു.
കെ. വിജയരാഘവന്‍ പുരസ്‌കാരം, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അവാര്‍ഡ്, വി.കെ. കൃഷ്ണമേനോന്‍ സ്മാരക സമിതി അവാര്‍ഡ്, ഷാര്‍ജ മലയാളി അസോസിയേഷന്‍ അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ മുപ്പതില്‍പ്പരം അവാര്‍ഡുകള്‍ ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയായും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പദ്മതീര്‍ഥക്കരയില്‍, മഴകൊണ്ടുമാത്രം മുളയ്ക്കാത്ത വിത്തുകള്‍ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്.
ഭാര്യ: ഡോ. പി. രാധാമണി അമ്മ (റിട്ട. അധ്യാപിക). മക്കള്‍: ദീപാ ശേഖര്‍ (ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ആക്കുളം), ദിലീപ് ശേഖര്‍ (കണ്ണൂര്‍ എയര്‍പോര്‍ട്ട്). മരുമക്കള്‍: ഡോ. എം.കെ.മനു, ചിന്നു ആര്‍.നായര്‍.