എഎന്‍ ഷംസീറില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ച; സ്പീക്കറുടെ പ്രസ്താവന ഇടതുമുന്നണിയുടെ നയത്തിന് എതിരെന്ന് ചിറ്റയം ഗോപകുമാര്‍

എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ നിലപാടിനെ തള്ളി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. എഎന്‍ ഷംസീറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സ്പീക്കര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

സ്പീക്കറുടെ സ്ഥാനത്ത് ഇരുന്ന് പറയാന്‍ പാടില്ലാത്ത കാര്യമാണ് എഎന്‍ ഷംസീറിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണമെന്നും ചിറ്റയം ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് വര്‍ഗീയ ഫാഷിസം ഇല്ലാതാകുക എന്നതാണ് ലക്ഷ്യമെന്നും അതിനാല്‍ സ്പീക്കറുടെ പരാമര്‍ശം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചിറ്റയം ഗോപകുമാര്‍ വ്യക്തമാക്കി.

സ്പീക്കറുടെ പ്രസ്താവന ഇടതുമുന്നണിയുടെ നയത്തിന് തന്നെ എതിരാണ്. സിപിഎം ഷംസീറിന്റെ പ്രസ്താവനയെ തള്ളിയിട്ടുണ്ട്. ആര്‍എസ്എസ് രാജ്യത്തെ വലിയ സംഘടനയെന്ന പ്രസ്താവന ശരിയല്ലെന്നും ചിറ്റയം ഗോപകുമാര്‍ വ്യക്തമാക്കി. എന്നാല്‍ എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്തിനെന്നും ഗോപകുമാര്‍ ചോദിച്ചു.

ആരുടെ നിര്‍ദ്ദേശപ്രകാരമാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത്. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യവാഹനത്തില്‍ പോയത് എന്തിനെന്നും ചിറ്റയം ഗോപകുമാര്‍ ചോദിച്ചു.