തിരുവനന്തപുരം കാട്ടാക്കടയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. പൊലീസിന്റെ നേതൃത്വത്തിൽ കാട്ടാക്കട തഹസിൽദാർ നന്ദകുമാരന്‍റെ സാന്നിധ്യത്തിലാണ് കിള്ളി ജമാഅത്തിലെ ഖബര്‍സ്ഥാനില്‍ മൃതദേഹ പരിശോധന നടത്തിയത്. ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയിലാണ് ഏഴു മാസം പ്രായമായ ഗർഭസ്ഥ ശിശു മരിച്ചത്.
മൃതദേഹത്തിന്റെ പരിശോധനാഫലം ലഭിച്ച ശേഷം തുടർനടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണം വീട്ടിൽ സെയ്യദ് അലിയുടെ ഭാര്യ ഫാത്തിമ മിന്നത്തിന്റെ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിലാണ് പരാതി ഉയര്‍ന്നത്. നവംബര്‍ 19 നായിരുന്നു സംഭവം.
ഏഴ് മാസം ഗർഭിണിയായിരുന്ന യുവതി ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടുതൽ പരിശാധന ആവശ്യമാണെന്ന് അറിയിച്ച് എസ്എടി ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ എത്തിയപ്പോൾ ഗർഭസ്ഥ ശിശു രണ്ട് മണിക്കൂറിന് മുമ്പ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
തുടർന്നാണ് സ്വകാര്യ ആശുപത്രിയുടെ വീഴ്ച അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സെയ്യദ് അലി പൊലീസിൽ പരാതി നൽകിയത്. രണ്ട് ആഴ്ചയ്ക്കിടെ വയറുവേദനയെ തുടർന്ന് മൂന്നു തവണ യുവതി ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രിയില്‍ നിന്നുണ്ടായ ചികിത്സാപിഴവാണ് കുഞ്ഞു മരിക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.