കാസര്‍ഗോഡ് ഒരു സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിന് ഇരയായതായി പരാതി. ചെറിയ പ്രായത്തിലാണ് ഇവര്‍ പീഡനത്തിന് ഇരയായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ ആയിരുന്നു വെളിപ്പെടുത്തല്‍. സംഭവത്തില്‍ രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കാസര്‍ഗോഡ് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യത്യസ്ത സാഹചര്യങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. സ്‌കൂളില്‍ പോക്‌സോ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ആര്‍ക്കെങ്കിലും ഇത്തരം പീഡന അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ തുറന്ന് പറയണമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ബോധവല്‍കരണത്തിനിടെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കൗണ്‍സിലിംഗിനിടെ വിദ്യാര്‍ത്ഥിനികള്‍ പീഡന വിവരം പുറത്ത് പറഞ്ഞത്. അകന്ന ബന്ധുക്കളും, അയല്‍വാസികളുമാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുമ്പോഴായിരുന്നു പീഡനം.
വിദ്യാര്‍ത്ഥിനികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുണെന്നാണ് വിവരം.