സഹകരണ സ്ഥാപനങ്ങളുടെ നടത്തിപ്പിലും സാമ്പത്തിക ഇടപാടുകളിലും മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി.കെ ശശിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം നേതൃത്വം. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ ശശിക്കെതിരെ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.
ശശിക്കെതിരെ രൂക്ഷ വിമര്‍ശനവും ഗുരുതര ആരോപണങ്ങളുമാണ് പാര്‍ട്ടികമ്മറ്റികളില്‍ ഉയര്‍ന്നത്. ആരും തമ്പുരാന്‍ ആകാന്‍ ശ്രമിക്കേണ്ടെന്ന് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു വിമര്‍ശിച്ചു. അനധികൃതമായി പണം സമ്പാദിച്ചെന്ന പരാതിയില്‍ അന്വേഷണം വേണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു.
ശശിയെ പിന്തുണച്ച നേതാക്കളേയും പാര്‍ട്ടി യോഗങ്ങള്‍ വിമര്‍ശിച്ചു. കമ്മറ്റികള്‍ ഫാന്‍സ് അസോസിയേഷന്‍ പോലെ പ്രവര്‍ത്തിക്കരുത്. ഇത്തരം നേതാക്കളുടെ കൂറ് പാര്‍ട്ടിയോടെ, ശശിയോടോയെന്നും വിമര്‍ശനം ഉയര്‍ന്നു. ആക്ഷേപം ഉന്നയിക്കുന്നവരുടെ യഥാര്‍ഥ ലക്ഷ്യം പാര്‍ട്ടി വിശദമായി പരിശോധിക്കണമെന്നായിരുന്നു ശശിയെ അനുകൂലിക്കുന്നവരുടെ നിലപാട്.
സഹകരണ കോളജ് നടത്തിപ്പിലും ബാങ്ക് നിയമനങ്ങളിലും പി.കെ.ശശി വ്യാപക ക്രമക്കേട് നടത്തി പണം സമ്പാദിച്ചെന്നായിരുന്നു സിപിഎം നേതൃത്വത്തിന് ലഭിച്ച പരാതി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ആക്ഷേപം പ്രാദേശികഘടകം പരിശോധിക്കട്ടെയെന്ന നിര്‍ദേശമുണ്ടായി. പിന്നാലെയാണ് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റിയും ചേര്‍ന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.