എം.ജി സർവകലാശാലയിൽ ജാതി വിവേചനത്തിനെതിരെ നിരാഹാരം സമരം തുടരുന്ന ഗവേഷക ഇന്ന് പൊലീസിൽ പരാതി നല്‍കും. 2014ൽ താൻ നേരിട്ട ലൈംഗികാതിക്രമ ശ്രമത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവേഷക പൊലീസിൽ പരാതി നൽകുന്നത്. സർവകലാശാലയ്ക്കും പരാതി സമർപ്പിക്കാനാണ് തീരുമാനം.
തനിക്കെതിരെ സർവകലാശാലയിൽ വച്ച് ലൈംഗികാതിക്രമ ശ്രമം ഒഉണ്ടായി എന്ന വെളിപ്പെടുത്തൽ ഇന്നലെയാണ് ഗവേഷക നടത്തിയത്. 2014ൽ നാനോ സെന്ററിൽ വെച്ച് മറ്റൊരു ഗവേഷകനും പിന്നാലെ ഒരു ജീവനക്കാരനും ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം.
അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വൈസ് ചാൻസലർ സാബു തോമസിനെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ ഇത് വിസി തള്ളിക്കളഞ്ഞു. ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് സാബു തോമസ് സ്വീകരിച്ചത് എന്നും വിദ്യാർത്ഥിനി പറഞ്ഞു. മാധ്യമങ്ങളിലൂടെ ഇക്കാര്യം ഗവേഷക വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസിൽ പരാതി നല്‍കാനും തീരുമാനിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പരാതി നല്‍കാനാണ് തീരുമാനം.
അതേസമയം കഴിഞ്ഞ ദിവസം നടന്ന ചർച്ചക്കിടയിലാണ് ലൈംഗികാതിക്രമം നടന്ന വിവരം ആദ്യമായി വിദ്യാർത്ഥിനി പറഞ്ഞതെന്നാണ് വിസി പറയുന്നത്. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് വിസിയും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പൊലീസിനു പരാതി നല്‍കുന്നതിനൊപ്പം സർവകലാശാലയ്ക്ക് പരാതി നല്‍കാനും ഗവേഷക തീരുമാനിച്ചിട്ടുണ്ട്.