നാടകത്തിന് താല്ക്കാലിക അവസാനം; ബോബി ചെമ്മണ്ണൂര്‍ ജയിലിൽ നിന്നും പുറത്തിറങ്ങി

നടി ഹണി റോസിന്റെ പരാതിയില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. കോടതി ജാമ്യം അനുവദിച്ചിട്ടും ബോബി ചെമ്മണ്ണൂര്‍ ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരോട് ഇന്നലെ അറിയിക്കുകയായിരുന്നു. ബോബി ചെമ്മണ്ണൂരിൻ്റെ അഭിഭാഷകരോട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂർ തിരക്കിട്ട് ജയിലിന് വെളിയിലിറങ്ങിയത്.

അതേസമയം കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ സ്വമേധയ കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് പി വി കുഞ്ഞിരാമകൃഷ്ണന്റേതാണ് നടപടി. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. ജാമ്യം നൽകിയതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

അതേസമയം ജാമ്യം കിട്ടിയിട്ടും പൈസ ഇല്ലാത്തതുകൊണ്ട് പുറത്തിറങ്ങാന്‍ കഴിയാത്തവരുണ്ടെന്നും അങ്ങനെ കുറച്ചുപേര്‍ തന്റെ അടുത്ത് വന്നിരുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ആ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും അതിനാണ് ഒരുദിവസം കൂടെ ജയിലില്‍ കിടന്നതെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു. അതേസമയം കോടതിയലക്ഷ്യമല്ല തന്റെ പ്രവര്‍ത്തിയെന്നും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.