ലൈംഗിക പീഡന കേസില്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസില്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അതിജീവിത സമര്‍പ്പിച്ച അപ്പീലിനെ തുടര്‍ന്നാണ് നടപടി.
കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവിലെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ അതിജീവിത ചോദ്യം ചെയ്തു. പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ചുള്ള കീഴ്‌കോടതി ഉത്തരവെന്ന് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു.
താന്‍ ദളിത് യുവതിയാണെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രന്‍ ലൈംഗിക പീഡനം നടത്തിയത്. പ്രഥമദൃഷ്ട്യാ ഈ മൊഴി വിശ്വസനീയമല്ലെന്ന അഡീഷണല്‍ സെഷന്‍സ് കോടതി പരമാര്‍ശം തെറ്റാണെന്നും അതിജീവിത കോടതിയെ അറിയിച്ചു. അതേസമയം സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യത്തിന് എതിരെ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ജാമ്യ ഉത്തരവിലെ നിരീക്ഷണം എസ്സി/എസ്ടി വിഭാഗത്തെ അതിക്രമിക്കുന്നത് തടയുന്ന നിയമത്തിനെതിരാണ്. സത്യം പുറത്തുവരാന്‍ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ട്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായത് പരാതിക്കാരി അനുഭവിച്ച മാനസിക സമ്മര്‍ദ്ദം മൂലമാണെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയുടെ ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.