ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ കോടതി റിമാന്‍ഡ് ചെയ്ത വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റും. ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരിക്കും കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റുക. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം ഉത്തരവില്‍ നാളെ അപ്പീല്‍ നല്‍കുമെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് പ്രതിയെ വയനാട്ടില്‍ നിന്നും കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് രാത്രി കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് 12 മണിയോടെ ആയിരുന്നു പ്രതിയെ കോടതിയിലെത്തിച്ചത്. കോടതി വിധി പറഞ്ഞതിന് പിന്നാലെ ബോബി കോടതിയില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയ ശേഷമാണ് പ്രതിയെ ജയിലിലേക്ക് മാറ്റുക.