കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയില്‍ ലൈംഗികാതിക്രമം നേരിട്ട സംഭവത്തില്‍ സ്ത്രീകള്‍ പരാതി നല്‍കാന്‍ മടികാണിക്കേണ്ട എന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വനിതാ കമ്മീഷന്റെ നിയമങ്ങളില്‍ കാലാനുസൃതമായി ഭേദഗതി വരുത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശം മാര്‍ച്ച് 14നുള്ളില്‍ സര്‍ക്കാരിന് നല്‍കുമെന്നും സതീദേവി അറിയിച്ചു. നിയമം നടപ്പാക്കുന്നതില്‍ സംഭവിക്കുന്ന അപാകതയാണ് കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണം. സിനിമാ മേഖലയില്‍ നിന്നും മറ്റ് തൊഴിലിടങ്ങളില്‍ നിന്നും നിരവധി പരാതികള്‍ ലഭക്കുന്നുണ്ട്. പല തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കംപ്ലെയിന്റ് സെല്‍ സംവിധാനം ഇല്ല. അവ ശക്തമാക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.
അതേസമയം ലൈംഗികാതിക്രമ കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു. സുജീഷ് ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ടാറ്റൂ സ്റ്റുഡിയോയില്‍ ലൈംഗികാതിക്രമം നേരിട്ടു എന്ന് നിരവധി സ്ത്രീകള്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.