"വ്യാജ സർട്ടിഫിക്കറ്റ് മാഫിയക്ക് നേതൃത്വം നൽകുന്നു"; കെഎസ് യുവിനെതിരെ ആരോപണവുമായി എസ് എഫ് ഐ; കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം

വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് കെഎസ് യുവിനെതിരെ ആരോപണവുമായി എസ്എഫ് ഐ. സംഭവത്തില്‍ കെഎസ്‌യു നേതാക്കളായ കൗശിക് എം ദാസിനും, വിഷ്ണു വിജയനുമെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പൊലീസിന്റെ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയാ സംഘങ്ങളെ ഇല്ലാതാക്കണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ ആവശ്യപ്പെട്ടു.

എസ്എഫ്‌ഐ പ്രസ്താവന:

” ഇതര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന വിവിധ ഏജന്‍സികള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇത്തരം സര്‍ട്ടിഫിക്കറ്റ് മാഫിയകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് നേരത്തെ തന്നെ എസ്.എഫ്.ഐ പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞതുമാണ്. ഇന്ന് പുറത്തുവന്ന വാര്‍ത്ത പ്രകാരം വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്‍കുന്നത് കൊല്ലം ജില്ലയിലെ KSU നേതാക്കളായ കൗശിക് എം ദാസും, വിഷ്ണു വിജയനും ആണെന്ന് തെളിഞ്ഞിരിക്കുകയാണ്.

യു.ഡി.എഫില്‍ നിന്ന്, വിശിഷ്യാ കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണയാണ് ഇത്തരം എജ്യൂക്കേഷന്‍ കണ്‍സല്‍ട്ടന്‍സികള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജം നല്‍കുന്നത് എന്നും ഇതില്‍ നിന്ന് വ്യക്തം. മേല്‍പറഞ്ഞ KSU നേതാക്കള്‍ വ്യാജ എല്‍.എല്‍.ബി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അഭിഭാഷകരായി എന്റോള്‍ ചെയ്ത് പ്രാക്ടീസ് ചെയ്ത് വരികയാണ്. ഇത് വഴി രാജ്യത്തെ നീതി ന്യായ വ്യവസ്ഥയെ തന്നെ കബളിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ഇക്കൂട്ടര്‍ ചെയ്തിട്ടുള്ളത്.

Read more

ഇത് കൂടാതെ, മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ പണം വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ഏജന്‍സി പ്രവര്‍ത്തനവും KSU നേതാക്കളുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയാ തലവന്മാരും KSU നേതാക്കളുമായ കൗശിക് എം ദാസിനും, വിഷ്ണു വിജയനുമെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണം. വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയാ സംഘങ്ങളെ ഇല്ലാതാക്കാന്‍ കേരള പോലീസിന്റെ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.”