ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്‌കൃത കോളേജില്‍ എസ്എഫ്‌ഐ സ്ഥാപിച്ച അസഭ്യ ബാനറില്‍ മാപ്പ് പറഞ്ഞ് പ്രിന്‍സിപ്പല്‍. ഇനി ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കേരള സര്‍വകലാശാലയ്ക്ക് പ്രിന്‍സിപ്പല്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐയുടെ ബാനര്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നീക്കാന്‍ നിര്‍ദേശിച്ചുവെന്നും കോളേജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലാ രജിസ്ട്രാറെ കത്തിലൂടെ അറിയിച്ചു.
സംസ്‌കൃത കോളേജ് കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരേ അസഭ്യ ബാനര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്ഭവന്‍ കേരള സര്‍വകലാശാല വി.സിയോട് വിശദീകരണം തേടിയിരുന്നു. രജിസ്ട്രാര്‍ മുഖേനയാണ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയത്. ഇതേ തുടര്‍ന്നാണ് രജിസ്ട്രാര്‍ക്ക് പ്രിന്‍സിപ്പല്‍ മറുപടി നല്‍കിയത്.
ബാനര്‍ നീക്കിയിട്ടുണ്ട്. വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഭാവിയില്‍ ഇത്തരം പ്രവൃത്തികള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും കത്തിലൂടെ കോളേജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയ്ക്ക് ഉറപ്പുനല്‍കി. രാജ് ഭവന്‍ ഗവര്‍ണറുടെ പാരമ്പര്യ സ്വത്തല്ലെന്ന് പറയാന്‍ നിന്ദ്യമായ പദപ്രയോഗമാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. വിദ്യാര്‍ഥികളുടെ സാംസ്‌കാരിക മൂല്യച്യുതി എന്ന നിലയിലാണ് രാജ്ഭവന്‍ വിഷയത്തെ കണ്ടത്.
ദിവസങ്ങള്‍ക്കു മുന്‍പാണ് കോളജിന്റെ മുന്‍ഭാഗത്തെ ഗേറ്റിനു മുകളിലായി ബാനര്‍ സ്ഥാപിച്ചത്. ‘ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍’ എന്നാണ് ബാനറില്‍ ഉണ്ടായിരുന്നത്. വിഷയത്തില്‍ രാജ്ഭവന്‍ ഇടപെട്ടന്ന വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ എസ്എഫ്‌ഐ നേതൃത്വമാണ് കെട്ടിയ ബാനര്‍ നീക്കം ചെയ്തത്.