ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ വീണ്ടും എസ് എഫ് ഐ കരിങ്കൊടി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രാജ്ഭവനിലേക്ക് പോകും വഴി ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ചാണ് നാല് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. നാല് എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.
ആരിഫ് ഖാന്‍ ഗോ ബാക്ക്, ഗവര്‍ണര്‍ ഗോ ബാക്ക് വിളികളോടെയായിരുന്നു പ്രതിഷേധം.നാളെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ എസ്എഫ്‌ഐ ഇന്ന് പ്രതിഷേധം നടത്തില്ലെന്ന് കരുതിയിരുന്നെങ്കിലും പിന്നോട്ടില്ലന്നാണ് എസ് എഫ് ഐ പ്രഖ്യാപിച്ചത്.
താന്‍ ചെയ്യുന്നത് തന്റെ ജോലിയാണ്. കരിങ്കൊടിക്കാര്‍ വന്നാല്‍ ഇനിയും കാറില്‍ നിന്നിറങ്ങുംമെന്നും ഗവര്‍ണ്ണര്‍ വിമാനത്താവളത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സെനറ്റിലേക്ക് നിര്‍ദേശം ചെയ്യാനുള്ള ആളുകളുടെ പേരുകള്‍ തനിക്ക് പലവഴിക്ക് കിട്ടും. തനിക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ എസ്എഫ്‌ഐ നേതാവിനെതിരെ 48 കേസുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി അനുകൂലികളെ നാമനിര്‍ദ്ദേശം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ഭരണാനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടെ പ്രതിഷേധം.