കേരളവര്‍മ കോളേജില്‍ റീ കൗണ്ടിങ്ങിലും എസ്എഫ്‌ഐ; വിജയം മൂന്ന് വോട്ടുകള്‍ക്ക്

വിവാദങ്ങള്‍ക്കൊടുവില്‍ കേരളവര്‍മ കോളേജ് റീ കൗണ്ടിങ്ങില്‍ എസ്എഫ്‌ഐയ്ക്ക് വിജയം. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി കെഎസ് അനിരുദ്ധന്‍ മൂന്ന് വോട്ടുകള്‍ക്ക് വിജയിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് റീകൗണ്ടിങ് നടത്തിയത്. കെഎസ്‌യു സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന്‍ 889 വോട്ടുകള്‍ നേടിയപ്പോള്‍ 892 വോട്ട് നേടിയാണ് കെഎസ് അനിരുദ്ധന്‍ വിജയിച്ചത്.

കഴിഞ്ഞ ദിവസം ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികളും വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളും യോഗം ചേര്‍ന്നാണ് വോട്ടെണ്ണല്‍ തീരുമാനിച്ചത്. വിവാദങ്ങളെ തുടര്‍ന്ന് വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു കെഎസ്‌യു കോടതിയില്‍ ഉന്നയിച്ച ആവശ്യം. വോട്ടെണ്ണല്‍ പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

നവംബര്‍ 1ന് രാവിലെ ആയിരുന്നു കേരളവര്‍മയില്‍ തിരഞ്ഞെടുപ്പ് നടത്തിയത്. തുടര്‍ന്ന് നടത്തിയ വോട്ടെണ്ണലില്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ 896 നേടി. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയ്ക്ക് 895 വോട്ടുകളാണ് ലഭിച്ചത്. തുടര്‍ന്ന് എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിങ് നടത്തി. ആറ് മണിയ്ക്ക് ആരംഭിച്ച വോട്ടെണ്ണല്‍ 12 മണിയ്ക്ക് പൂര്‍ത്തിയായപ്പോള്‍ 11 വോട്ടിന് എസ്എഫ്‌ഐ വിജയിച്ചു. ഇതോടെ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് കെഎസ്‌യു രംഗത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.