ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ തൊഴുത്തില്‍ കെട്ടിയ പശുക്കളല്ല കേരളത്തിലെ സര്‍വകലാശാലകളെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ്.
ഒരു സര്‍വകലാശാലയിലും പുതിയ വി.സിമാരെ ചുമതലയേല്‍ക്കാന്‍ അനുവദിക്കില്ല.
അധികാരമേറ്റെടുക്കാനെത്തുന്നവരെ അകത്തേക്ക് കടത്തിവിടില്ല. ആരിഖ് മുഹമ്മദ് ഖാന്റെ അടുക്കളയില്‍ വേവിച്ച വിസിമാരെ സര്‍വകലാശാലയിലേക്ക് പറഞ്ഞുവിട്ടാല്‍ എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കണ്ടോളൂ. ഗവര്‍ണറെ വഴിയില്‍ തടയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുത്. അധികാര ഗര്‍വുള്ള കസേരകളുടെ കാലുകള്‍ ഒടിക്കാന്‍ എസ്.എഫ്.ഐക്ക് കഴിയുമെന്നും അദേഹം വെല്ലുവിളിച്ചു.
സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണരെ നീക്കം ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തി മുഴുവന്‍ കാമ്പസുകളില്‍ എസ്.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും അദേഹം അറിയിച്ചു.
അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിപ്പൊന്നും കേരളത്തില്‍ വേവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ അദേഹത്തിന്റെ ചുമതല നിര്‍വഹിച്ചാല്‍ മതി,അല്ലാതെ ഇല്ലാത്ത അധികാരങ്ങളൊന്നും എടുത്തുപയോഗിക്കാമെന്ന് കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ണാക്കാട് . സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതയോഗം ഉദ്ഘാടനം ചെയ്യുകയായയിരുന്നു അദേഹം. മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചില്ലേ, ഇറങ്ങിപോകാന്‍ പറഞ്ഞില്ലെ എന്നെല്ലാമാണ് പറയുന്നത്. ആരു പറഞ്ഞുവെന്നാണ് പറയുന്നത്. ഗവര്‍ണര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് പിടികിട്ടുന്നില്ല.
അന്തസോടെ കാര്യങ്ങള്‍ പറയാന്‍ കഴിയുന്നവരാണ് ഞങ്ങള്‍. മെല്ലെ ഒന്നു തോണ്ടിക്കളയാമെന്ന് വച്ചാല്‍ ആ തോണ്ടലൊന്നും ഏല്‍ക്കില്ല. അധികാരത്തിന് അപ്പുറത്തേക്ക് ഒരിഞ്ച് കടക്കാമെന്ന് വിചാരിക്കേണ്ട. വ്യക്തിപരമായി ഒരുകാര്യവും ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.