കൊല്ലം നിലമേൽ ഗവർണർക്ക് നേരെയുള്ള എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ റോഡരികിൽ ഇരുന്ന് പ്രതിഷേധിച്ച് ഗവർണർ. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കാറിൽ നിന്നിറങ്ങിയ ഗവർണർ ഇപ്പോഴും റോഡരികിൽ തന്നെ ഇരിക്കുന്നത് തുടരുകയാണ്. രാവിലെ 10.45 ന് തുടങ്ങിയ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്ന് ഗവർണർ ചോദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയുെടെ സെക്രട്ടറിയെ വിളിച്ച് പരാതിപ്പെട്ട ഗവർണർ പ്രധാനമന്ത്രിയെ വിളിക്കാനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ തല തല്ലിപ്പൊട്ടിക്കുന്നു. തനിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ നടപടിയില്ല എന്നും ഗവർണർ കുറ്റപ്പെടുത്തി. വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ തന്നെ തുടർന്നാണ് ഗവർണർ പ്രതിഷേധിക്കുന്നത്.
പൊലീസിനോടും ഗവർണർ ക്ഷുഭിതനായി. പൊലീസ് സ്വയം നിയമം ലംഘിക്കുന്നുവെന്നും ഗവർണർ പൊലീസിനെ ശകാരിച്ചു. അൻപതോളം പ്രവർത്തകരുണ്ടായിരുന്നെന്ന് ഗവർണർ വ്യക്തമാക്കി. വരൂ എന്ന് പറഞ്ഞാണ് ഗവർണർ പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഇറങ്ങിചെന്നത്. സംഭവത്തെ തുടർന്ന് കൂടുതൽ പൊലീസുകാർ നിലമേലിലേക്ക് എത്തിയിരിക്കുകയാണ്. പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ പരിശോധിച്ച് എല്ലാവരെയും അറസ്റ്റ് ചെയ്യാൻ ഡിജിപി നിർദ്ദേശം നൽകി. പ്രതിഷേധക്കാർക്കെതിരെ കേസെടുത്തിൻറെ എഫ്ഐആർ കാണിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെടുന്നത്.