നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ അറസ്റ്റില്‍. കെ.എസ്.യു പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് നടപടി. പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡിലായ ആര്‍ഷോ സഹപ്രവര്‍ത്തകര്‍ രക്തഹാരം അണിയിച്ചു മുദ്രാവാക്യങ്ങളോടെയാണ് ജയിലിലേക്ക് അയച്ചത്.
മൂന്നു മാസം മുന്‍പ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയിട്ടും പൊലീസ് അറസ്റ്റു ചെയ്യാതിരുന്നതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.ഷാജഹാന്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ എ.സി.പിയുടെ ടീമാണ് പി.എം. ആര്‍ഷോയെ അറസ്റ്റ് ചെയ്തത്. ജയിലിന് പുറത്ത് സ്വീകരണം ഏറ്റുവാങ്ങാന്‍ അവസരം നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്ന് എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
ജാമ്യം റദ്ദാക്കിയിട്ടും ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്. എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലും പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടും പൊലീസ് പിടികൂടിയിരുന്നില്ല.
ഈ വര്‍ഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി ആര്‍ഷോയുടെ ജാമ്യം റദ്ദാക്കുന്നത്. 2018 ല്‍ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളില്‍ തുടര്‍ന്നും ആര്‍ഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബഞ്ച് പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്.