സോളാർ ഗൂഢാലോചനക്കേസിൽ നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ എംഎൽഎ. അഞ്ച് വ്യാജ കത്തുകളുടെ പേരിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയർ മാപ്പ് പറയണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മൻചാണ്ടിയെ ക്രൂരമായി വേട്ടയാടി. നിയമസഭക്ക് അകത്ത് പോലും സിപിഎം വേട്ടയാടി. വിഎസ് അച്ച്യുതാനന്ദനെ പോലുള്ളവർ ഹീനമായ ഭാഷയിൽ വ്യക്തിഹത്യ നടത്തി. സിബിഐ റിപ്പോർട്ടിൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുമ്പോൾ മാപ്പ് പറയാതെ പിണറായി അടക്കമുള്ളവർ സംസാരിക്കരുത്. ഷാഫി പറമ്പിൽ പറഞ്ഞു.
സോളാർ കേസിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചാണ് ഷാഫി പറമ്പിൽ സംസാരിച്ചത്. കേരള രാഷ്ട്രീയത്തിൽ സൈബർ ആക്രമണത്തിന്റെ തുടക്കം സോളാർ കേസിലാണ്. ഉമ്മൻചാണ്ടിയെയും കുടുംബത്തേയും സമാനതകളില്ലാതെ വേട്ടയാടി. നാളെ ഉമ്മൻ ചാണ്ടി നിങ്ങളോട് ക്ഷമിച്ചാൽ പോലും കേരള സമൂഹം നിങ്ങളോട് മാപ്പ് തരില്ലെന്ന് ഷാഫി പറഞ്ഞു.രാഷ്ട്രീയ ദുരന്തമാണ് സോളാർ കേസെന്നും. തട്ടിപ്പുകാരിയുടെ കത്തു ഉപയോഗിച്ച് ഉമ്മൻചാണ്ടിയെ വേട്ടയാടിയവർ, പിസി ജോർജിനെപ്പോലുള്ള പൊളിറ്റിക്കൽ വേസ്റ്റിന്റെ വാക്കു കേട്ട് ഉമ്മൻചാണ്ടിയെ അപമാനിച്ചവർ മാപ്പ് പറയണമെന്നും ഷാഫി കൂട്ടിച്ചേർത്തു.
കത്തിൽ പിണറായിയുടെ പങ്ക് പുറത്തു വരേണ്ടതാണ്. അവതാരങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞ് അധികാരത്തിലേറി മൂന്നാം ദിവസം പരാതിക്കാരിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി. സ്ത്രീയുടെ പരാതി ആയത് കൊണ്ട് സിബിഐ ക്ക് വിട്ടുവെന്നാണ് പിണറായി പറയുന്നത്. ജിഷ്ണു പ്രണോയിയുടെ അമ്മയോട് പക്ഷേ പിണറായി എങ്ങിനെ പെരുമാറിയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ആ ദൃശ്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ ആ സ്ത്രീയോട് മുഖ്യമന്ത്രി പെരുമാറിയതും സോളാര്‍ പീഡനകേസിലെ പരാതിക്കാരിയോട് പെരുമാറിയതും താരതമ്യപ്പെടുത്തിയാൽ ഇരട്ട ചങ്കല്ല ഇരട്ട മുഖമാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കുള്ളതെന്ന് പറയുമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു.