വയനാട് സുൽത്താൻ ബത്തേരി സര്‍വജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച സഹപാഠികൾക്കും രക്ഷിതാക്കൾക്കും ഭീഷണി. നാട്ടുകാരിൽ ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന് ഷഹലയുടെ കൂട്ടുകാരി വിസ്മയയുടെ അച്ഛൻ രാജേഷാണ് പറഞ്ഞത്. അച്ഛനെ അപായപ്പെടുത്തുമോയെന്ന് പേടിയുണ്ടെന്ന് വിസ്മയയും പറഞ്ഞു.
സ്കൂളിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഭീഷണിപ്പെടുത്തിയവര്‍ ആരോപിച്ചതെന്ന് രാജേഷ് വ്യക്തമാക്കി. ഷഹലയുടെ മരണത്തെ തുടര്‍ന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്രതികരണം നടത്തിയത് സഹപാഠികളും കൂട്ടുകാരികളുമായിരുന്നു.
ബാലാവകാശ കമ്മീഷനിൽ വിദ്യാർഥികൾ മൊഴി നൽകിയ സാഹചര്യത്തിലാണ് ഭീഷണി. “മക്കളെ ഓരോന്ന് പറഞ്ഞ് പഠിപ്പിച്ച് സ്കൂളിനെ തകര്‍ക്കാനാണ് ശ്രമമെങ്കിൽ, ചാനലുകാര്‍ ഇന്നല്ലെങ്കിൽ നാളെയങ്ങ് പോകും, നിങ്ങൾ അനുഭവിക്കും,” എന്നാണ് രാജേഷിനെ ഭീഷണിപ്പെടുത്തിയത്. ശഹലയുടെ കുടുംബത്തിന് വേണ്ടി ഇനിയും പ്രതികരിക്കുമെന്നും രാജേഷ് പറഞ്ഞു.
എന്നാൽ താൻ പറഞ്ഞുകൊടുത്തിട്ടല്ല മകൾ മാധ്യമങ്ങളോട് സംസാരിച്ചതെന്ന് പറഞ്ഞ രാജേഷ്, മകളെ കുറിച്ച് അഭിമാനമേയുള്ളൂ എന്നും പറഞ്ഞു. കൂട്ടുകാരി മരിച്ചപ്പോൾ സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത് ആരും പറഞ്ഞുതന്നിട്ടല്ലെന്ന് വിസ്മയയും പറഞ്ഞു.