കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന് വിട നല്‍കി നാട്. മൃതദേഹം കിടവൂര്‍ മദ്രസയിലെ പൊതുദര്‍ശനത്തിന് ശേഷം കിടവൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പെടെ ഷഹബാസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരെത്തി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം 3 മണിയോടെയാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ തറവാട് വീട്ടില്‍ എത്തിച്ചത്. ഷഹബാസിന്റെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ സുഹൃത്തുക്കളെ ഒടുവില്‍ ബലം പ്രയോഗിച്ചാണ് മാറ്റിയത്. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെയാണ് ഷഹബാസിന്റെ മരണം സ്ഥിരീകരിച്ചത്.
Read more
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷന്‍ സെന്ററിലെ പരിപാടി. ഇതിന്റെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഷഹബാസിന് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.