താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസിൽ ഒരു വിദ്യാർത്ഥി കൂടി പൊലീസ് കസ്റ്റഡിയിൽ. ഷഹബാസിനെ കൂട്ടംകൂടി മർദ്ദിച്ചതിൽ വിദ്യാർത്ഥിക്കും പങ്കുണ്ടെന്ന കണ്ടെത്തലിലാണ് പൊലീസ് നടപടി. ഇതോടെ ആറ് പേരെയാണ് ഷഹബാസ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ചോദ്യം ചെയ്ത ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. സംഘർഷത്തിൽ പങ്കെടുത്ത കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. ഷഹബാസിന്റെ കൊലപാതകക്കേസിൽ കൂടുതൽ സൈബർ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഷഹബാസിനെ കൊലപ്പെടുത്തുന്നതിന് മുൻപ് സന്ദേശങ്ങൾ കൈമാറിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ ചാറ്റുകളെ കുറിച്ചും അഡ്മിൻമാരെ കുറിച്ചും പൊലീസ് വിശദമായ വിവരങ്ങൾ തേടും. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം.
നഞ്ചക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കുറ്റാരോപിതരുടെ കൈവശം എങ്ങനെ എത്തി എന്നതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. രക്ഷിതാക്കളുടെ പ്രേരണ കുറ്റകൃത്യം ചെയ്യുന്നതിലേക്ക് കുട്ടികളെ നയിച്ചോ എന്നതും പരിശോധിക്കും. നേരത്തെ ക്രിമിനൽ പശ്ചാത്തലമുള്ള ആളുടെ വീട്ടിൽ നിന്ന് നഞ്ചക് കണ്ടെത്തിയെങ്കിലും ഷഹബാസിൻ്റെ കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുള്ളതായി പ്രാഥമിക തെളിവുകൾ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പിടിച്ചെടുത്ത ഫോണുകൾ ഉൾപ്പെടെയുള്ളവയുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം കേസിൽ കുറ്റപത്രം നൽകാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.