കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്. ഷഹബാസിന്റെ തലയോട്ടി പൊട്ടിയ നിലയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വലത് ചെവിയുടെ മുകൾഭാഗത്തായാണ് പൊട്ടൽ ഉള്ളതെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ ഷഹബാസിന്റെ മരണത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒബ്സർവേഷൻ റൂമിലേക്കാണ് മാറ്റിയത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയർപേഴ്‌സണോടും ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ വിശദീകരണം തേടിയിട്ടുണ്ട്.
ലഹരിയും സിനിമയിലെ വയലൻസും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മനോജ് കുമാർ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസത്തെ വിദ്യാർത്ഥികളുടെ സംഘർഷത്തെ തുടർന്നാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തലക്ക് ഗുരുതര പരിക്കേറ്റ ഷഹബാസ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ട്യൂഷൻ സെന്ററിലെ സെന്റോഫുമായി ബന്ധപ്പെട്ട തർക്കമാണ് ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെടാൻ കാരണമായത്. കേസിൽ അഞ്ചുപേർക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.