റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തിയതിന് തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ് ആണെന്ന് ഷാനിമോള്‍ ഉസ്മാന്‍. ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ഷാനിമോള്‍ പറഞ്ഞു.
പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആലപ്പുഴ എസ്.പിക്ക് നല്‍കിയ പരാതിയിലാണ് ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസടുത്തത്. കഴിഞ്ഞ മാസം 27-ാം തിയതി രാത്രി 11 മണിക്ക് അരൂര്‍-എഴുപുന്ന റോഡിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കെയാണ് നിര്‍മ്മാണ ജോലികള്‍ ഷാനിമോള്‍ ഉസ്മാന്റെ നേതൃത്വത്തിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്.
നിര്‍മ്മാണപ്രവൃത്തികള്‍ നേരത്തെ തന്നെ ആരംഭിച്ചതാണെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് ചട്ടം ലംഘിച്ച് റോഡ് നിര്‍മ്മാണം നടത്തുന്നുവെന്ന് ആരോപിച്ചാണ് അമ്പതോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഷാനിമോള്‍ ഉസ്മാന്‍ എത്തി റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തിയത്.
പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ തടഞ്ഞു വെയ്ക്കുകയും റോഡ് പണി നിര്‍ത്തി വെയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജോലി ചെയ്യാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.ഡബ്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിീയര്‍ ആലപ്പുഴ എസ്.പിക്ക് പരാതി നല്‍കിയത്. പരാതി എസ്.പി അരൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത്തരത്തില്‍ അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസുമായി മുന്നോട്ടു പോകുന്നത്തിനെതിരെ യു.ഡിഎഫ് കേന്ദ്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായ നീക്കമാണ് ഇതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. തിരഞ്ഞെടുപ്പ് ചട്ടം നിര്‍മ്മാണ പ്രവൃത്തിക്ക് ബാധകമല്ലെന്നും എന്നിട്ടുപോലും ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ള സംഘം ജോലി തടസ്സപ്പെടുത്തുകയായിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് പരാതി നല്‍കിയത് എന്നുമാണ് പൊതുമരാമത്ത് വകുപ്പ് നല്‍കുന്ന വിശദീകരണം. അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് ഷാനിമോളെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ നടപടികളിലേക്ക് ഇപ്പോള്‍ പോകരുതെന്ന നിലപാടിലാണ് മന്ത്രി.
റോഡ് നിര്‍മ്മാണ പ്രവൃത്തി തടസ്സപ്പെടുത്തിയത് ശരിയല്ല. തുടര്‍ന്നു വന്ന നിര്‍മ്മാണ പ്രവൃത്തിയാണ്. ജനങ്ങള്‍ക്ക് പ്രയോജകരമായ കാര്യത്തെ തടസ്സപ്പെടുത്താനാണ് ഷാനിമോള്‍ ശ്രമിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് ഷാനിമോള്‍ക്കെതിരെ കേസ് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട് –
അവര്‍ ആദ്യമായി മണ്ഡലത്തില്‍ ഇറങ്ങി നടന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. എന്റെ വകുപ്പിന്റെ പേരില്‍ അവരെ ചോദ്യം ചെയ്യേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. എക്സിക്യൂട്ടീവ് എന്‍ജിനീയറെ അപമാനിച്ചു. നടക്കുന്നത് പുതിയ ജോലിയല്ല. അത് അവര്‍ക്ക് അറിയാം. ഈ മണ്ഡലത്തില്‍ ഷാനിമോള്‍ക്ക് പ്രസക്തിയില്ലെന്നും സുധാകരന്‍ പറഞ്ഞു.